kerala-feeds

മാള: സാമ്പത്തിക പ്രതിസന്ധിയും അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവും കാരണം കാലിത്തീറ്റയുണ്ടാക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ കേരളഫീഡ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് ക്ഷീരകർഷകരെ കണ്ണീരിലാഴ്ത്തുന്നു.

സ്വകാര്യ കാലിത്തീറ്റ കമ്പനികൾ അധികവില ഈടാക്കുന്നതിനാൽ കേരളഫീഡിസിന്റെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും ഉത്പാദനം വർദ്ധിപ്പിക്കാനാവാത്ത സ്ഥിതിയാണ്. പ്രതിദിനം ഇരുപതിനായിരം ചാക്ക് കാലിത്തീറ്റ നിർമ്മിക്കുന്ന കമ്പനിക്ക് ചാക്കൊന്നിന് 150 രൂപ വരെയാണ് നഷ്ടം. പ്രതിമാസം 5 കോടി രൂപവരെയാണ്

കമ്പനിയുടെ നഷ്ടം. കന്നുക്കുട്ടി പരിപാലന പദ്ധതിക്ക് ആനുകൂല്യം നൽകുന്ന വകയിൽ 45 കോടിയോളം രൂപ സർക്കാർ കമ്പനിക്ക് നൽകാനുമുണ്ട്.

അടുത്തമാസം തൊടുപുഴയിൽ പുതിയൊരു യൂണിറ്റ് പ്രവർത്തനം ആരംഭിക്കുമെങ്കിലും ഉത്പാദനം കൂട്ടാനാകില്ലെന്നാണ് അധികൃതർ പറയുന്നത്.

കാലിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളും സംസ്ഥാനത്തിന് പുറത്ത് നിന്നാണ് വരുന്നത്. തവിട്, ചോളം, തേങ്ങാപ്പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, സോയാബീൻ, കാത്സ്യം പൊടി, ഉപ്പ്, മൊളാസസ്, എണ്ണ എടുക്കാത്ത തവിട് തുടങ്ങിയവയാണ് അസംസ്കൃതവസ്തുക്കൾ. ഇതിൽ ചോളം, തവിട് തുടങ്ങിയവ തമിഴ്‌നാട്, ആന്ധ്രാ, കർണാടക, ഒറീസ, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വരുന്നത്.

ഗോവധ നിരോധനത്തോടെ ഈ സംസ്ഥാനങ്ങളിൽ കന്നുകാലികളുടെ എണ്ണം വർദ്ധിച്ചതിനാൽ ഈ അസംസ്കൃത വസ്തുക്കൾക്ക് ഇപ്പോൾ വൻഡിമാൻഡാണ്. ഇത്തരം അസംസ്കൃത വസ്തുക്കൾ കേരളത്തിൽ ലഭ്യവുമല്ല.

ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാകും

കേരള ഫീഡ്സ് കാലിത്തീറ്റ ചാക്കിന് 1175 രൂപയാണ് കുറഞ്ഞ വില. സ്വകാര്യ മേഖലയിൽ 125 മുതൽ 150 വരെ വിലകൂട്ടിയാണ് വില്പന. കേരള ഫീഡ്‌സ് വിപണിയിൽ ഇല്ലാതായാൽ വലിയ പ്രയോജനം ലഭിക്കുക സ്വകാര്യ കമ്പനികൾക്കാകും.

കേരള ഫീഡ്സിന്റെ കാലിത്തീറ്റകൾ

(വില ചാക്കൊന്നിന് )

എലൈറ്റ് (കൂടുതൽ പാലുകിട്ടുന്ന ഇനങ്ങൾക്ക്)​- 1240 രൂപ

മിടുക്കി- 1175

നഷ്ടത്തിൽ കൂപ്പുകുത്തി

പ്രതിമാസ ഉത്പാദനം18- 20 ടൺ

സർക്കാർ നൽകാനുള്ളത് 45 കോടി

ഒരു മാസത്തെ ശരാശരി നഷ്ടം 5 കോടി
നേരിട്ടും ഏജൻസികൾ മുഖാന്തരവും തൊഴിൽ ചെയ്യുന്നത് 1000 പേർ

കേരള ഫീഡ്സ് കാലിത്തീറ്റയുടെ വിലകൂട്ടില്ല.നഷ്ടത്തിലാണെങ്കിലും ക്ഷീരകർഷകരെ ബുദ്ധിമുട്ടിക്കുന്ന യാതൊന്നും വേണ്ടെന്ന നിർദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം അനുവദിക്കുന്നത് പരിഗണിക്കും

-മന്ത്രി കെ.രാജു കഴിഞ്ഞയാഴ്ച പറഞ്ഞത്