തൃശൂർ: വില കുതിച്ചുകയറുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമാകുന്ന സപ്‌ളൈകോ, മാവേലി ഔട്ട്‌ലെറ്റുകളിൽ അവശ്യസാധനങ്ങളില്ല. പ്രാദേശികമായി സാധനങ്ങൾ എത്തിക്കാൻ അധികാരമുണ്ടായിരുന്ന പ്രത്യേക കമ്മിറ്റികളെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയ പരിഷ്‌കാരമാണ് വിനയായത്. എറണാകുളം ആസ്ഥാനമായുള്ള സപ്‌ളൈകോ എം.ഡിയുടെ ഓഫീസിനാണ് സാധനം വാങ്ങാനുള്ള അധികാരം കൈമാറിയത്.
പഴയ രീതിയിൽ സജ്ജമാകാൻ കുറഞ്ഞത് രണ്ടു മാസമെങ്കിലും എടുക്കും. ക്രിസ്മസിന് മുമ്പ് പരാതിക്കിട നൽകാതെ പരമാവധി വിഭവം എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം ഔട്ട്‌ലെറ്റുകളിലും സബ്‌സിഡി സാധനങ്ങളും സബ്‌സിഡി ഇതര സാധനങ്ങളും കുറഞ്ഞതോടെ ഉപഭോക്താക്കളുടെ വരവും കുറഞ്ഞു. മണ്ഡലകാലത്ത് ആവശ്യക്കാർ എറെയുള്ള ശർക്കര, പച്ചരി, റവ എന്നിവ ഔട്ട് ലെറ്റുകളിൽ കിട്ടാനില്ലായിരുന്നു. സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ കിട്ടാത്ത സാഹചര്യം മുതലെടുത്താണ് പൊതുവിപണിയിൽ വില കയറുന്നത്. ഓണത്തിനാണ് അവസാനമായി ഔട്ട്‌ലെറ്റുകളിൽ ശർക്കര വിറ്റത്. പൊതു വിപണിയിലേതിനേക്കാൾ കിലോയ്ക്ക് 25 രൂപയെങ്കിലും കുറവായിരുന്നു ഔട്ട്‌ലെറ്റുകളിലെ വില. സബ്‌സിഡി നിരക്കിൽ കിലോയ്ക്ക് 20-25 രൂപയ്ക്ക് ലഭിച്ച അരിക്ക് പൊതുവിപണിയിൽ 40 മുതൽ 50 രൂപ വരെയാണ് വില. നല്ല പച്ചരി ലഭിക്കണമെങ്കിൽ വില കൂടും. ഉഴുന്ന്, തുവര പരിപ്പ്, പയർ, സവാള, വറ്റൽ മുളക് എന്നിവയ്ക്കും സമാന സ്ഥിതിയാണ്.
ഡി.എം.സി. നിലച്ചു, സാധനം കുറഞ്ഞു
താലൂക്ക് തലങ്ങളിൽ പ്രവർത്തിച്ച ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റിക്ക് (ഡി.എം.സി) പ്രാദേശികമായി സാധനങ്ങൾ എത്തിക്കാൻ അധികാരമുണ്ടായിരുന്നപ്പോൾ ഔട്ട്‌ലെറ്റുകളിൽ സാധനങ്ങളില്ലെന്ന പരാതിയുണ്ടായിരുന്നില്ല. പകരം എറണാകുളം ആസ്ഥാനമായുള്ള സപ്ലൈകോ എം.ഡിയുടെ ഓഫീസിന് നൽകിയതോടെ നടപടി ക്രമങ്ങൾ നീണ്ടു. പ്രാദേശികമായി ടെൻഡർ വിളിച്ച് എം.ഡിയുടെ ഓഫീസ് വില ഉറപ്പിക്കും. ടെൻഡർ ലഭിച്ച ഏജൻസി പ്രാദേശികമായി സാധനം വിതരണം ചെയ്യും. ചില സാധനങ്ങൾ നേരിട്ട് എം.ഡിയുടെ ഓഫീസ് എത്തിക്കും. സപ്ലൈകോ ഔട്‌ലെറ്റുകളിലും മാവേലി സ്റ്റോറുകളിലും വൻ വരുമാനക്കുറവാണ് അനുഭവപ്പെടുന്നത്.
ടെൻഡർ പൂർത്തിയാകുന്നു
ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നതേയുള്ളൂ. ചില സാധനങ്ങൾ അടുത്ത ചൊവ്വാഴ്ചയോടെ എത്തും. 17ന് തേക്കിൻകാട് മൈതാനത്ത് സപ്‌ളൈകോയുടെ ക്രിസ്മസ് ഫെയർ ആരംഭിക്കും. ഏതാണ്ടെല്ലാ സാധനങ്ങളും ഫെയറിൽ ലഭ്യമാകും
യു. മോളി (റീജ്യണൽ മാനേജർ സപ്‌ളൈകോ, പാലക്കാട്)
ജില്ലയിൽ സപ്‌ളൈകോ ഔട്ട്‌ലൈറ്റുകളുടെ എണ്ണം 128
സഞ്ചരിക്കുന്ന ഔട്ട് ലെറ്റ് 1 (ചാലക്കുടിയിൽ)..