മാള: എന്റെ മകൻ ജീവിച്ചിരിപ്പുണ്ടോ..അതോ..? ഈ ചോദ്യത്തിന് ഉത്തരം തേടി ഒരു അമ്മ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആറ് വർഷം. ഇതിനായി മാളയ്ക്കടുത്ത് പാളയംപറമ്പ് സ്വദേശി അന്നം ജോർജ്ജ് പാത്താടനെന്ന 78 കാരി കേന്ദ്ര മന്ത്രിമാർ മുതൽ സംസ്ഥാന മന്ത്രിമാർക്കും എം.എൽ.എമാർക്കും വരെ നിവേദനം നൽകി.
2012ൽ സൗദി അറേബ്യയിൽ ജോലിക്ക് പോയ ബാബുവിനെ കണ്ടെത്താനായി 2013 മുതൽ അന്നം നൽകിയ നിവേദനങ്ങളുടെ പകർപ്പുകൾക്ക് ഇപ്പോൾ ഒരു പുസ്തകത്തിന്റെ കട്ടിയായി. പല പേജുകളും ദ്രവിച്ചും തുടങ്ങി. 'ഇനി മോനെ കണ്ടെത്താൻ ആരെ സമീപിക്കണം' കാണുന്നവരോടൊക്കെ അവർ ചോദിക്കും. ആട് ഫാമിൽ ജോലി ചെയ്തിരുന്ന ബാബുവിനെ സഹോദരൻ നാട്ടിലേക്ക് വിളിച്ചെങ്കിലും തിരിച്ചുവരാൻ താൽപ്പര്യം പ്രകടിപ്പിച്ചില്ല.
ബാബുവിന്റെ സഹോദരനും അന്ന് അവിടെയുണ്ടായിരുന്നു. വിദേശത്തെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന സഹോദരനാണ് അവസാനമായി കണ്ടത്. അമ്മയെ വിളിച്ചിരുന്നത് ഇടയ്ക്ക് നിലയ്ക്കുകയും ചെയ്തു. തുടർന്ന് കുടുംബവുമായി യാതൊരു ബന്ധവും ഇല്ല. മകനെ കണ്ടെത്താനായി അന്നം സമീപിക്കാത്ത മന്ത്രിമാരും ജനപ്രതിനിധികളും ഇല്ല. സൗദിയിൽ നിന്ന് കേരളത്തിലേക്ക് വിളിച്ചുകൊണ്ടിരുന്ന ഫോൺ നമ്പർ സഹിതം നിവേദനങ്ങൾ ഒന്നിന് പിറകെ ഒന്നായി നൽകി. 2012 ൽ 51 കാരനായ ബാബു സൗദിയിൽ ജോലിക്ക് എത്തിയത് മുതൽ സ്‌പോൺസർ ചതിച്ചുവെന്ന് അമ്മയോട് പറഞ്ഞിരുന്നു. ജെ. 9447080 എന്നതാണ് ബാബുവിന്റെ പേരിലുള്ള പാസ്‌പോർട്ടിന്റെ നമ്പർ. മകൻ വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാലും മതിയെന്ന ഒറ്റ ആഗ്രഹമേ ഇപ്പോൾ ഇവർക്കുള്ളൂ...