ചാലക്കുടി: കോടതി വിധി പ്രകാരം പോട്ടയിൽ ഉടമസ്ഥവകാശം ലഭിച്ച 15 സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി തിരിച്ചെടുക്കുന്ന നടപടികൾ നഗരസഭ ആരംഭിച്ചു. നഗരസഭയുടെയുടെ ബോർഡ് സ്ഥാപിക്കലാണ് ഇന്നലെ നടന്നത്. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന നടപടികൾ ഉടനെ ഉണ്ടാകും.

കിഴക്കെ ചാലക്കുടി വില്ലേജ് ഓഫീസർ സി.എ. ഷാജു, നഗരസഭ സെക്രട്ടറി എം.എസ്. ആകാശ് എന്നിവരുടെ നേതൃതത്വത്തിൽ റവന്യു ഉദ്യോഗസ്ഥരെത്തി സ്ഥലത്തെക്കുറിച്ച് പ്രാഥമിക നിരീക്ഷണം നടത്തി. കോടതി വിധിയുള്ളതിനാൽ താലൂക്ക് സർവ്വെയർ സ്ഥലം അളക്കുന്നതാണ് ഉചിതമെന്ന് വില്ലേജ് ഓഫീസർ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സർവ്വെയർക്ക് അപേക്ഷയും നൽകി.

പോട്ടയിലെ പനമ്പിള്ളി കോളേജ് റോഡിനോട് ചേർന്നുള്ള ഭൂമിയുടെ അവകാശി നഗരസഭയാണെന്ന് രണ്ടു ദിവസം മുമ്പാണ് ചാലക്കുടി മുൻസിഫ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയത്. പ്രസ്തുത കേസിൽ ഇതേ കോടതി നേരത്തെ നഗരസഭയ്‌ക്കെതിരെ ഉത്തരവ് നൽകിയിരുന്നു. എന്നാൽ പുതിയ കൗൺസിൽ വന്നതിനു ശേഷം അഭിഭാഷകനെ മാറ്റുകയും ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം കേസ് വീണ്ടും പുനർവിചാരണയ്ക്കായി എത്തിക്കുകയും ചെയ്തു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പുതിയ രേഖകളും ഹാജരാക്കി. ഇതേ തുടർന്നാണ് കോടികൾ വിലമതിക്കുന്ന ഈ ഭൂമി നഗരസഭയുടെ സ്വന്തമാണെന്ന് കോടതിയുടെ ഉത്തരവുണ്ടായത്. നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, പാർലിമെന്ററി പാർട്ടി ലീഡർ പി.എം. ശ്രീധരൻ, കൗൺസിലർ വി.ജെ. ജോജു എന്നിവരും സ്ഥലത്തെത്തിയിരുന്നു.