ചാലക്കുടി: വേനൽക്കാലത്തെ വരൾച്ചയെ നേരിടുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ കനാലുകളിലേയും അറ്റകുറ്റ പണികൾ നടത്തി, ജലസേചന സൗകര്യം ഒരുക്കുന്നതിന് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി, പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപണികൾ ഊർജ്ജിതമാക്കാനും തീരുമാനമായി.

കുഴൂർ പഞ്ചായത്തിലെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ ബി.ഡി. ദേവസി എം.എൽ.എ നിർദ്ദേശിച്ചു. കുറ്റിച്ചിറ വില്ലേജ് ഓഫീസിൽ വനിതാ ജീവനക്കാരിയെ സാമൂഹികവിരുദ്ധർ ആക്ഷേപിച്ച സംഭവത്തിൽ എത്രയും വേഗം നടപടിവേണമെന്നും യോഗം നിർദ്ദേശിച്ചു.

........................

പ്രഹസനമാകുന്ന താലൂക്ക് വികസന സമിതി യോഗം

ശനിയാഴ്ച നടന്ന ചാലക്കുടി താലൂക്ക് വികസന സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുക്കാത്തത് ചർച്ചയായി. ബി.ഡി. ദേവസി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുഴൂർ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് മാത്രമാണ് ജനപ്രതിനിധികളിലെ പ്രമുഖ സ്ഥാനത്തു നിന്നും പങ്കെടുത്തത്. ചാലക്കുടി മണ്ഡലത്തിലെ ഒരു പഞ്ചായത്തു പ്രസിഡന്റുമാരു പോലും യോഗത്തിനെത്താത്തത് ചർച്ചയായി. പ്രതിമാസ യോഗത്തിലെ മുൻ അനുഭവങ്ങളും ഇതുതന്നെ. പേരിന് ഏതെങ്കിലും പ്രസിഡന്റുമാർ പങ്കെടുത്തെങ്കിലായി. വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യവും വിഭിന്നമല്ല. മിക്ക യോഗങ്ങളിലും മേലധികൃതർ പങ്കെടുക്കുന്നില്ല. ഇതുസംബന്ധിച്ച് പല യോഗങ്ങളിലും എം.എൽ.എ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ ഇപ്പോഴും നീങ്ങുന്നത് മുറപോലെ. പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട യോഗമാണ് ശനിയാഴ്ച നടന്നത്. പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ഉദ്യോഗസ്ഥ മേധാവികളുടേയും അഭാവത്തിലാണ് തീരുമാനങ്ങൾ എടുത്തത്.