ഗുരുവായൂർ: ക്ഷേത്ര നഗരിയിൽ സംഗീത കുളിർമഴയായി പഞ്ചരത്‌ന കീർത്തനാലാപനം അരങ്ങേറി. രാവിലെ 9 മുതൽ 10 വരെയായിരുന്നു 5 ത്യാഗരാജ കീർത്തനങ്ങൾ കോർത്തെടുത്ത സംഗീതസിംഫണി ഇതൾ വിരിഞ്ഞത്. ''ശ്രിം ഗണപതിം'' എന്നു തുടങ്ങുന്ന സൗരാഷ്ട്രരാഗത്തിലുള്ള ഗണപതിസ്തുതിയോടെയായിരുന്നു പഞ്ചരത്‌ന കീർത്തനാലാപനത്തിന് തുടക്കമായത്. പിന്നീട് 'ജഗദാനന്ദ' എന്ന് തുടങ്ങുന്ന നാട്ടരാഗത്തിലുള്ള കീർത്തനത്തിൽ ആലാപനം തുടങ്ങി.

തുടർന്ന് ഗൗളരാഗത്തിലെ 'ദുഡുകുഗല', ആരഭിയിലെ 'സാധിംജനെ', വരാളിരാഗത്തിലെ 'കനകന രുചിതാ' എന്നിങ്ങനെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തെ വിവിധരാഗങ്ങളിൽ തീർത്ത ഒറ്റ മാലയായി രൂപപ്പെടുത്തിയ കീർത്തനങ്ങൾ, ചെമ്പൈയുടെ ഇഷ്ടകീർത്തനമായ ശ്രീരാഗത്തിലുള്ള 'എന്തൊരു മഹാനുഭാവലു' എന്ന കീർത്തനത്തിൽ എത്തി സമാപിച്ചതോടെ സംഗീതത്തിന്റെ നവനീതം മതിവരുവോളം പകരുന്ന അനുഭവമായി മാറി.

പതിനഞ്ച് ദിനരാത്രങ്ങളായി മൂവായിരത്തോളം സംഗീതജ്ഞർ സംഗീതാർച്ചന നടത്തിയ ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് അർദ്ധരാത്രിയോടെ തിരശ്ശീല വീഴും. ''കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ.......'' എന്ന ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ കീർത്തനാലാപനത്തോടെയാണ് സംഗീതോത്സവം സമാപിക്കുക...