തൃശൂർ: നഗരത്തിൽ മുത്തച്ഛനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന പത്തു വയസുകാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു. പാട്ടുരായ്ക്കൽ വാരിയം ലെയിനിൽ രാധികയിൽ രാജേഷിന്റെയും ഉദയസൂര്യയുടെയും രണ്ടാമത്തെ മകൻ അക്ഷിത് രാജാണ് (10) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ പാട്ടുരായ്ക്കലിനും അശ്വിനി ജംഗ്ഷനുമിടയിലായിരുന്നു അപകടം. പരിക്കേറ്റ മുത്തച്ഛൻ തൃശൂർ കോർപറേഷനിലെ വൈദ്യുതി വിഭാഗം റിട്ട. സീനിയർ സൂപ്രണ്ട് പരമേശ്വര കുറുപ്പിനെ (70) അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എഫ്.സി കൊച്ചിൻ അണ്ടർ 9 ഫുട്‌ബാൾ ക്യാമ്പിൽ അംഗമായ അക്ഷിതിനെ പരിശീലനത്തിനായി കോർപറേഷൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു മുത്തച്ഛൻ. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാൻഡിലിൽ ടിപ്പർ ലോറി തട്ടുകയായിരുന്നു. സ്‌കൂട്ടറിന് പിന്നിലായിരുന്ന അക്ഷിത് തെറിച്ച് ടിപ്പറിന് അടിയിലേക്ക് വീണു. തത്ക്ഷണം മരിച്ചു.

എറണാകുളം മിൽമയിൽ ജീവനക്കാരനാണ് അക്ഷിതിന്റെ അച്ഛൻ രാജേഷ്. കുറ്റൂർ സാന്ദീപനി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അക്ഷിത് രാജ്. ലോറിയും ഡ്രൈവറെയും ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.