ഗുരുവായൂർ: റെയിൽ ലൈൻ ഒഫ് ചെയ്യാൻ വൈകിയതിനെ തുടർന്ന് ഗജരാജൻ കേശവൻ അനുസ്മരണം മുക്കാൽ മണിക്കൂറോളം വൈകി. ഗുരുവായൂർ തൃശൂർ പാസഞ്ചർ ട്രെയിൻ പുറപ്പെടാൻ വൈകിയത് കാരണമാണ് റെയിൽ ലൈൻ ഓഫ് ചെയ്യാൻ കഴിയാതിരുന്നത്. ഇതേത്തുടർന്നാണ് ഗജരാജൻ കേശവൻ അനുസ്മരണം വൈകിപ്പിച്ചത്. തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഗജരാജൻ കേശവൻ അനുസ്മരണത്തിന് ഘോഷയാത്രയായി പോകുന്ന ആനകൾക്ക് റെയിൽവേ ലൈൻ കടന്നുവേണം ഗുരുവായൂരിലേക്കെത്താൻ. ലൈൻ ഒഫ് ചെയ്തതിന് ശേഷമാണ് ആനകൾ റെയിൽവേ ലൈൻ കടക്കാറുള്ളത്. പാസഞ്ചർ ട്രെയിൻ ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് പൂങ്കുന്നം എത്തിയ ശേഷം മാത്രമേ റെയിൽവേ ലൈൻ ഓഫാക്കാൻ കഴിയൂ. ഇതേത്തുടർന്ന് ഗുരുവായൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ പൂങ്കുന്നം എത്തുന്നത് വരെയാണ് ഘോഷയാത്ര കാത്ത് നിൽക്കേണ്ടി വന്നത്.