തൃപ്രയാർ: മൂന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ രണ്ട് അദ്ധ്യാപികമാർ. ഒരാൾ ലീവ്, മറ്റേയാൾ യോഗത്തിന് പോയി. ഇതോടെ സ്‌കൂളിന് വെള്ളിയാഴ്ച അവധി.
സ്‌കൂൾ കെട്ടിടത്തിന്റെ ചുമരിൽ നിറയെ കുഴികളും പൊത്തും. പറമ്പ് കാടുകയറിയതോടെ പാമ്പുകളുടെയും ശല്യവും രൂക്ഷം. നാട്ടിക ചേർക്കര സെൻട്രൽ എൽ.പി സ്‌കൂളിന്റേതാണ് ഈ ദുരവസ്ഥ.
ഏറെ വർഷം പഴക്കമുണ്ട് ഈ സ്‌കൂളിന്. വെട്ട് കല്ല് കൊണ്ട് നിർമ്മിച്ചതാണ് സ്‌കൂളിന്റെ ചുമർ. ചുമരിനിടയിൽ നിറയെ പൊത്താണ്. കെട്ടിടത്തിന് ചുറ്റും നിറയെ പൊന്തക്കാട് നിറഞ്ഞതോടെ സ്‌കൂളിന്റെ വാതിൽക്കൽ വരെ പാമ്പെത്തി. പാമ്പിനെ കണ്ട് അദ്ധ്യാപിക പേടിച്ച് രക്ഷിതാവിനെ വിളിച്ചു വരുത്തി പാമ്പിനെ പിടികൂടി. ചുമരിൽ പൊത്ത് കണ്ടതോടെ രക്ഷിതാക്കളും അദ്ധ്യാപകരും ഭയപ്പാടിലാണ്.
പൊന്തക്കാട് വൃത്തിയാക്കാൻ അദ്ധ്യാപകർ തൊഴിലുറപ്പ് തൊഴിലാളികളെ സമീപിച്ചിരിക്കുകയാണ്. കൂടുതൽ കുട്ടികൾ പഠിച്ച സ്‌കൂളിന്റെ അവസ്ഥ പരിതാപകരമാണ്. നാല് വരെ ക്ലാസുള്ള സ്‌കൂളിൽ ഇപ്പോൾ ആകെ മൂന്ന് കുട്ടികളാണുള്ളത് . പ്രധാന അദ്ധ്യാപികയടക്കം ആകെ രണ്ട് ടീച്ചർമാരും.
ഇതിൽ ഒരാൾ 13 വരെ ലീവിലാണ്. മറ്റേ അദ്ധ്യാപികയാണെങ്കിൽ വെള്ളിയാഴ്ച യോഗത്തിനും പോയി. ഇതോടെ സ്‌കൂളും അവധിയായി. അദ്ധ്യാപകർ ഇല്ലാത്തതിനാൽ വന്ന കുട്ടികൾക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. സ്‌കൂളിനെ നല്ല നിലയിൽ കൊണ്ടുപോകാനോ കൂടുതൽ കുട്ടികളെ കൊണ്ടുവരാനോ മാനേജ്‌മെന്റിനും ബന്ധപ്പെട്ടവർക്കും ഉത്സാഹവുമില്ല. ഇഴജന്തുക്കളും കെട്ടിടത്തിൽ പൊത്തുകളും കാടുകയറിയിട്ടും പഞ്ചായത്ത് അധികൃതരും മാനേജ്‌മെന്റും മൗനത്തിലാണ്. കാട് വൃത്തിയാക്കാനോ കെട്ടിടം നന്നാക്കാനോ ഒരു നടപടിയുമില്ല.