ചാവക്കാട്: കടൽവെള്ളം കയറുന്നത് തടയാൻ നിരത്തിയ ജിയോ ബാഗ് വേണ്ട സ്ഥലത്ത് സ്ഥാപിക്കാത്തതിനാൽ ദുരിതത്തിലായി കുടുംബങ്ങൾ. കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം അനുഭവപ്പെടുന്ന മുനക്കകടവ് ഭാഗത്താണ് ജില്ലാ കളക്ടറുടെ സന്ദർശനത്തിന് ശേഷം അടിയന്തരമായി ജിയോ ബാഗുകൾ നിരത്തിയത്. എന്നാൽ ജിയോ ബാഗ് വീടുകൾക്ക് മുൻപിൽ വേണ്ട സ്ഥലത്ത് സ്ഥാപിക്കാത്തതിനാൽ കടൽവെള്ളം വീടുകളിലേക്ക് കയറുകയാണ്. വീടിന്റെ മുൻവശം ഒഴിവാക്കി ജിയോ ബാഗ് നിരത്തിയതിനാലാണ് ഇത് സംഭവിച്ചതെന്നും കടൽ തിരമാലകൾ ശക്തി പ്രാപിക്കുമ്പോൾ ഒഴിഞ്ഞ് കിടക്കുന്ന ഭാഗത്ത് കൂടി കടൽവെള്ളം വീടിനുള്ളിലേക്ക് കയറുകയാണെന്നും നാട്ടുകാർ പറയുന്നു. ഇതിനാൽ ആഴ്ചകളോളം വീട് മാറി താമസിക്കേണ്ട ഗതികേടിലാണിവർ. ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കടലോരത്ത് മനുഷ്യമതിൽകെട്ടി നാട്ടുകാർ പ്രതിഷേധം നടത്തിയിട്ടും യാതൊരന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ല. അഴിമുഖം മുതൽ ബ്ലാങ്ങാട് വരെയുള്ള അഴിമുഖം റോഡിന്റേയും, അഹമ്മദ് ഗുരുക്കൾ റോഡിന്റേയും അരികിലേക്ക് വെള്ളം എത്തിയിട്ടും അധികൃതർ ശാശ്വത പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കടലോര കുടുംബങ്ങൾ ആരോപിച്ചു.