thakoldanam

പഴിയോട്ട്മുറി താഴത്തുപുരയ്‌ക്കൽ ബബിതയ്ക്കും കുടുംബത്തിനും നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ സമർപ്പണം മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കുന്നു.

എരുമപ്പെട്ടി: സംസ്ഥാനത്ത് മൂന്ന് വർഷത്തിനുള്ളിൽ നാല് ലക്ഷം വീടുകൾ നിർമ്മിച്ച് നൽകി സർക്കാർ രാജ്യത്തിന് മാതൃക സൃഷ്ടിക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധയിൽ ഉൾപ്പെടുത്തി പഴിയോട്ട്മുറി താഴത്തുപുരയ്‌ക്കൽ ബബിതയ്ക്കും കുടുംബത്തിനും നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വർഷം അവസാനിക്കുന്നതോടെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാകും. സഹകരണ മേഖലയുടെ സഹായത്തോടെ രണ്ടായിരം വീടുകളാണ് നിർമ്മിച്ച് നൽകിയത്. ഭൂമിയില്ലാത്തവർക്കും ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകുമെന്നും ഇതോടൊപ്പം കുടുബങ്ങളുടെ ഉപജീവനത്തിനായി തൊഴിൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്‌ രമണി രാജൻ അദ്ധ്യക്ഷയായി. ബാങ്ക് സെക്രട്ടറി പി.എസ് പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എ.വി സുമതി മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡന്റ് എം.ടി വേലായുധൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുഗിജ സുമേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. കെ.എം നൗഷാദ്, ജലീൽ ആദൂർ, കെ.ആർ സിമി, ബ്ലോക്ക്‌ മെമ്പർ എ.എം മുഹമ്മദ്‌കുട്ടി, പഞ്ചായത്ത് മെമ്പർ ടി.പി ജോസഫ്, ഇ. ചന്ദ്രൻ, വി. പരമേശ്വരൻ, പി.എസ് പുരുഷോത്തമൻ, യു.വി ഗിരീഷ് സംസാരിച്ചു. അഞ്ചര ലക്ഷം രൂപ ഉപയോഗിച്ച് 550 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടാണ് നിർമ്മിച്ച് നൽകിയത്.