എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ. സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതിന് ക്ലാസ് മുറികൾ വിട്ട് നൽകിയില്ലായെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ അറിയിച്ചു. എൽ.പി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും നൽകിയ കത്തിന് പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകാരം നൽകി, വിവരം രേഖാമൂലം ബ്ലോക്ക് പഞ്ചായത്തിനെ അറിയിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് പിന്നീട് യാതൊരുവിധ അറിയിപ്പും ലഭിച്ചില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളോട് സഹകരിക്കുന്നില്ലായെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പണം തട്ടിയെടുക്കാൻ കാഡ്‌കോ കമ്പനി ശ്രമം നടത്തിയത് തെളിവുകളോടെ പുറത്തുവന്ന സാഹചര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.