ചേലക്കര: പുനർജനി നൂണ്ട് മോക്ഷപ്രാപ്തി നേടാൻ ആയിരക്കണക്കിന് വിശ്വാസികൾ ഇന്നലെ വില്വമലയിലെത്തി. വില്വാദ്രിനാഥ ക്ഷേത്രത്തിന് മൂന്നു കിലോമീറ്ററോളം കിഴക്ക് മാറിയാണ് പുനർജനി ഗുഹ.

പുലർച്ചെ ഗുഹാമുഖത്ത് വില്വാദ്രിനാഥ ക്ഷേത്രം മേൽശാന്തി പ്രത്യേക പൂജ നടത്തി ഗുഹയിലേക്ക് നാരങ്ങ ഉരുട്ടിയ ശേഷമാണ് ഗുഹനൂഴൽ ആരംഭിച്ചത്. ഇത്തവണയും നാൽപത് വർഷമായി പുനർജനി നൂണ്ട് വരുന്ന തിരുവില്വാമല പാറപ്പുറത്തു ചന്തുവിന്റെ തന്നെയായിരുന്നു ആദ്യ ഊഴം. രാത്രി ഏറെ വൈകിയാണ് നുഴൽ ചടങ്ങ് അവസാനിച്ചത്. പുനർജനി നൂണ്ടാൽ ജന്മ പാപം തീരുമെന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷ ഏകാദശിനാളായ ഗുരുവായൂർ ഏകാദശി ദിവസം മാത്രമാണ് ഇവിടെ പുനർജനി നൂഴൽ നടക്കുന്നത്. ഏകദേശം ഇരുപത്തഞ്ചു മീറ്ററോളം ദൂരം പാറക്കടിയിലൂടെ നടന്നും, ഇരുന്നും , കിടന്നും , മലർന്നും, കമഴ്ന്നും നിരങ്ങി നീന്തി വേണം മുന്നോട്ടു നീങ്ങാൻ.

ഇരുണ്ട ഗുഹയിൽ മുന്നിലും പിറകിലുമുള്ള ആളുകളുടെ സഹായത്തോടെ വേണം നീങ്ങാൻ. ഗുഹയിൽ ഒരിടത്തു മാത്രമാണ് പാറ വിള്ളലിലൂടെ ചെറുവെളിച്ചം പ്രവഹിക്കുന്നത്. ചിലപ്പോൾ ഇരുപത് മിനിറ്റു കൊണ്ട് പുറത്തെത്തുമ്പോൾ ചിലപ്പോൾ മണിക്കൂറുകൾ വരെ താമസം വരാറുണ്ട്. ദേവസ്വവും തിരുവില്വാമല പഞ്ചായത്തും, പൊലീസ്, ആരോഗ്യ വകപ്പ് തുടങ്ങി സംഘടനകൾ സൗകര്യങ്ങൾ ഒരുക്കി..