അണിനിരന്നത് 365 കലാകാരന്മാർ
തൃശൂർ : ഓണത്തിന് പുലികൾ ഇറങ്ങുന്ന വഴിയിൽ, പൂരത്തിന് ആനയും മേളവും ആർത്തിരമ്പിയെത്തുന്ന വഴിയിൽ തിറക്കോലങ്ങൾ നിറഞ്ഞാടി. ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്ര കലാരൂപമായ തിറ വടക്കുന്നാഥന്റെ മണ്ണിൽ പറകൊട്ടിന്റെ താളത്തിൽ ചടുലനൃത്തം ചവിട്ടിയപ്പോൾ ആയിരങ്ങൾ ആരവങ്ങളാൽ എതിരേറ്റു. തുടി കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പൂരനഗരിക്ക് നവ്യാനുഭവം പകർന്ന് തിറ മോഹത്സവം സംഘടിപ്പിച്ചത്. 196 തിറകളും അതിനൊപ്പം ആവേശം പകരാൻ 169 വാദ്യക്കാരുമടക്കം 365 കലാകാരന്മാരാണ് അണിനിരന്നത്. 32 മിനിറ്റ് നേരം നീണ്ടു നിന്ന തിറയാട്ടം ഒടുവിൽ കൊട്ടിക്കലാശിച്ചപ്പോൾ കലാകാരന്മാർക്ക് അഭിനന്ദന പ്രവാഹവുമായി നൂറുക്കണക്കിന് പേരെത്തി.
ഒരു കാലത്ത് നാടിന്റെ സംസ്‌കൃതിയെ തൊട്ടുണർത്തിയ തിറയാട്ടം ഇത്ര വിപുലമായ രീതിയിൽ സംഘടിപ്പിച്ചത് ആദ്യമായാണ് . അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ കലാരൂപത്തെ തിരിച്ചു കൊണ്ടുവരുന്നതിനും പുതു തലമുറയെ ഇതിലേക്ക് ആകർഷിക്കുന്നതിനുമായാണ് തുടി കലാ സാംസ്‌കാരിക വേദി തിറമഹോത്സവം സംഘടിപ്പിച്ചത്.
നാല് മാസത്തിലധികം നീണ്ട പരിശീലന കളരികൾക്കൊടുവിലാണ് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മണ്ണാൻ പെരുമണ്ണാൻ സമുദായത്തിലെ തിറ കലാകാരന്മാർ പൂരക്കാഴ്ചകളുടെ മണ്ണിലേക്കെത്തിയത്. ഈ ജില്ലകളിലെല്ലാമുള്ള വ്യത്യസ്തമായ രണ്ട് ശൈലികൾ കോർത്തിണക്കിയാണ് തൃശൂരിൽ അരമണിക്കൂറിലേറെ നീളുന്ന തിറമഹോത്സവം ഒരുക്കിയത്. മന്ത്രി കെ.ടി ജലീൽ തിറ മഹോത്സവം ഉദ്ഘാടനം ചെയ്തു. പി.കെ ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു...