തൃശൂർ: നഗരത്തിലെ തിരക്കേറിയ എം.ഒ റോഡിലെ അടിപ്പാത 12ന് തുറന്നു കൊടുക്കും. അഞ്ചുമീറ്റർ വീതിയിലും 21 മീറ്റർ നീളത്തിലുമാണ് അടിപ്പാതയുടെ നിർമ്മാണം. 24 മണിക്കൂറും രണ്ടു കാവൽക്കാർ വീതം സുരക്ഷയ്ക്കായി അടിപ്പാതയിലുണ്ടാകും. സി.സി.ടി.വി കാമറയും സ്ഥാപിക്കും. അടിപ്പാതയ്ക്കുള്ളിൽ മൊബൈൽ ചാർജ്ജ് ചെയ്യാനും സൗകര്യമുണ്ട്. പരസ്യങ്ങൾക്കായി എൽ.ഇ.ഡി സ്‌ക്രീൻ സ്ഥാപിക്കും. അഗ്‌നിരക്ഷാ സംവിധാനവും അടിപ്പാതയിലുണ്ട്. പത്തുമാസം കൊണ്ടാണ് അടിപ്പാത നിർമ്മാണം പൂർത്തിയായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നിർമ്മാണത്തിന് തുടക്കമിട്ടത്. 1.53 കോടി രൂപ ചെലവ് പ്രതീക്ഷിച്ചെങ്കിലും പണി തീർന്നപ്പോൾ 1.75 കോടി രൂപയായി.
നഗരത്തിൽ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്. വാഹനത്തിരക്ക് മൂലം ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ വലിയ പ്രയാസം അനുഭവപ്പെട്ടിരുന്നു. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും. മണിക്കൂറിൽ 623 പേർ റോഡ് മുറിച്ചുകടക്കുന്നുണ്ടെന്നാണ് കോർപറേഷൻ ഉദ്യോഗസ്ഥർ നടത്തിയ കണക്കെടുപ്പിലെ കണ്ടെത്തൽ. വ്യാഴാഴ്ച രാവിലെ 11.30ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അടിപ്പാത നഗരത്തിന് സമർപ്പിക്കും. ടി.എൻ പ്രതാപൻ എം.പി അടിപ്പാതയുടെ ലൈറ്റ് സ്വിച്ച് ഓൺ കർമം നിർവഹിക്കും. വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കരാറുകാരനെ ചീഫ് വിപ്പ് കെ. രാജൻ ആദരിക്കും. മേയർ അജിതാ വിജയൻ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് ശേഷം മേയർ രാജിവയ്ക്കും...