തൃശൂർ: ബഹുസ്വരത തകർത്ത് രാജ്യത്തെ മതപരമായി വിഭജിക്കാൻ ലക്ഷ്യമിട്ടതാണ് പൗരത്വ ബില്ലെന്ന് പ്രമുഖ സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് പറഞ്ഞു. തൃശൂർ സാംസ്‌കാരിക കൂട്ടായ്മ ടൗൺ ഹാളിൽ സംഘടിപ്പിച്ച ബഹുസ്വരതയുടെ സ്വാതന്ത്ര്യം എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വിഭജിച്ച് ഭരിക്കുകയെന്ന ആർ.എസ്.എസ് ആശയമാണ് കേന്ദ്രം നടപ്പിലാക്കുന്നത്. മുസ്‌ളിങ്ങൾക്ക് പുറമെ റോഹിൻഷ്യൻ, പാക്, ശ്രീലങ്കൻ വംശജരെല്ലാം പൗരത്വ രജിസ്റ്ററിന് പുറത്താണ്. നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നത്. നേടിയെടുത്ത അവകാശങ്ങൾ നിലനിറുത്താൻ കൂട്ടായ പോരാട്ടം അനിവാര്യമാണെന്നും അവർ പറഞ്ഞു. സാറാ ജോസഫ്, കെ. അജിത, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, എസ്.പി. ഉദയകുമാർ, ടി.വി. രാമചന്ദ്രൻ, അഡ്വ. ആശ ഉണ്ണിത്താൻ, അഡ്വ. ജോർജ്ജ് പുലിക്കുഞ്ഞിയിൽ എന്നിവർ സംസാരിച്ചു.