തൃശൂർ: വടക്കാഞ്ചേരി മുള്ളൂർക്കരയിലെ അന്യസംസ്ഥാന യുവതി മരിച്ചത് മലേറിയ ബാധിച്ചല്ലെന്ന് ആരോഗ്യവകുപ്പ്. അതേ സമയം കടുത്ത വിറയലും പനിയും ബാധിച്ച് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിയ യുവതിയുടെ സ്ഥിതി ഗുരുതരമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ രോഗം ഏതെന്ന് ഉറപ്പാക്കാനാകൂ. ജില്ലയിൽ അന്യസംസ്ഥാനക്കാരിൽ മലേറിയ കൂടുതൽ കണ്ടുവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതയിലാണ്. ഇന്നലെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയിൽ മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം 66 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രദേശവാസികളിൽ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം കടുത്ത പനിയും വിറയലുമായെത്തിയ ഇതരസംസ്ഥാനക്കാരിയുടെ രക്ത പരിശോധനയിൽ പ്ളേറ്റ് ലെറ്റും ഹീമോഗ്ളോബിനും കുറവാണെന്ന് കണ്ടെത്തിയിരുന്നു. പ്ലാസ്‌മോഡിയം എന്ന അണുജീവി കാരണമുണ്ടാകുന്ന മലേറിയ പരത്തുന്നത് അനോഫിലസ് എന്ന ഒരുതരം കൊതുകാണ്. പെൺകൊതുകുകളാണു മനുഷ്യരെ കടിക്കുന്നതും രോഗം പരത്തുന്നതും. മലേറിയ രോഗമുള്ളവരെ കടിച്ച കൊതുകിൽ നിന്ന് രോഗം പടരാമെങ്കിലും തൃശൂരിൽ രണ്ടുവർഷത്തിനിടെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നാട്ടിൽ പോയി തിരിച്ചെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിലാണ് കൂടുതലായും മലേറിയ സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങൾ
പെട്ടെന്നു കടുത്ത പനിയോടെ തുടങ്ങുന്ന രോഗത്തിന്റെ ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംമറിച്ചിൽ, ഛർദി, ക്ഷീണം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാകും. കടുത്തതും ഇടവിട്ടുള്ളതുമായ പനിയാണു മലേറിയയുടെ പ്രത്യേകത. കുളിരും വിറയലും തുടർന്നു പനിയും പ്രത്യക്ഷപ്പെടും. രോഗി നന്നായി വിയർക്കുമ്പോൾ ശരീരതാപം താഴുന്നു. 48 - 72 മണിക്കൂർ കഴിഞ്ഞാകും പനി വീണ്ടും വരിക. ഇടവിട്ടുണ്ടാകുന്ന ഈ പനിക്കിടയിൽ രോഗിക്കു മറ്റു രോഗലക്ഷണങ്ങളൊന്നും കാണില്ല. പനിയുള്ള സമയത്തു രക്തം പരിശോധനയ്ക്കു വിധേയമാക്കിയാൽ രോഗം സ്ഥിരീകരിക്കാം.
അണുക്കൾ നാലു തരം
വെവാക്‌സ്, മലേറിയ, ഓവേൽ, ഫാൽസിപ്പാറം എന്നിങ്ങനെ. അവയിൽ ഏറ്റവും കടുത്തരോഗമുണ്ടാക്കുന്നതു ഫാൽസിപ്പാറം ആണ്.
ചികിത്സ
ക്ലോറോക്വിൻ, പ്രൈമാക്വിൻ, ക്വിനീൻ മുതലായ ഔഷധങ്ങളുപയോഗിച്ചു മലേറിയ മിക്കപ്പോഴും പൂർണമായും സുഖപ്പെടുത്താനാകും. ഫാൽസിപ്പാറം മലേറിയയിൽ മരണനിരക്കു കൂടുതലായതിനാൽ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലാക്കേണ്ടി വരും.
രോഗം വരാതിരിക്കാൻ
ഫലപ്രദമായ വാക്‌സിനുകൾ ലഭ്യമല്ല
പ്രതിരോധ നടപടികൾ സ്വീകരിക്കുക
രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുക
കൊതുകുകൾ മുട്ടയിട്ടു വളരാൻ സാദ്ധ്യതയുള്ള ജലശേഖരങ്ങൾ നശിപ്പിക്കുക
കൊതുകുവലകൾ ഉപയോഗിച്ചു വാതിലും ജനലും മൂടണം
കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി, കൊതുകുതിരികൾ, തൊലിപ്പുറമേ പുരട്ടുന്ന ക്രീമുകൾ എന്നിവ സംരക്ഷണം നൽകും.