krishi
ഗോകുൽ കൃഷ്ണനും ഹരികൃഷ്ണനും പച്ചക്കറിത്തൈ നടുന്നു

മാള: ഇനി മൊബൈൽഫോണിൽ തോണ്ടി വെറുതെയിരിക്കാൻ ഇവർ ഒരുക്കമല്ല. അങ്ങനെ വെറുതെ നേരമ്പോക്കിന് വീടിനടുത്തെ കലുങ്കിൽ ഇരിക്കുന്നതിനിടയിലാണ് ഈ ബിരുദ വിദ്യാർത്ഥികൾക്ക് പുതിയൊരു ആശയം തോന്നിയത്. പിന്നെ ഗോകുൽകൃഷ്ണനും ഹരികൃഷ്ണനും മൊബൈൽ ഉപേക്ഷിച്ച് കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ കർഷകരായ മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചു. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തിയിൽ വീടിനടുത്തുള്ള ക്ഷേത്രത്തിനോട് ചേർന്നുള്ള കാട് കയറിയ തെങ്ങിൻ തോപ്പിന്റെ ഇടയിലുള്ള സ്ഥലം വെട്ടിത്തെളിച്ചാണ് ഇരുവരും ചേർന്ന് കൃഷി തുടങ്ങിയത്.

പയർ, മുളക്, തക്കാളി, മത്തൻ, വെണ്ട, ചീര തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ കൃഷിയിറക്കിയത്. ഒരേക്കർ വരുന്ന സ്ഥലത്തെ അവശേഷിക്കുന്ന അര ഏക്കറിൽ കൂടി കൃഷി വ്യാപിപ്പിക്കാനാണ് നീക്കം. മാള ഹോളി ഗ്രേസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ് പൂപ്പത്തി കിഴിയേടത്ത് മനയിലെ ഉണ്ണിക്കൃഷ്ണന്റെ മകനായ ഗോകുൽ കൃഷ്ണൻ. കൊടകര സഹൃദയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ അവസാന വർഷ ബികോം വിദ്യാർത്ഥിയാണ് പൂപ്പത്തി തട്ടേങ്ങാട്ട് മധുവിന്റെ മകനായ ഹരികൃഷ്ണൻ.

കോളേജിൽ നിന്ന് വീട്ടിലെത്തിയ ശേഷം നാലര മുതൽ ആറ്‌ വരെയാണ് കൃഷി കാര്യങ്ങൾക്കായി നീക്കിവച്ചിട്ടുള്ളത്. പൊയ്യ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിലുള്ള പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥികൾ കാർഷിക മേഖലയിലേക്ക് ചുവടുവച്ചത്.