police
വാഹനം തടഞ്ഞ നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നു..

എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ തയ്യൂരിൽ ആരംഭിക്കുന്ന ടാർ മിക്‌സിംഗ് പ്ലാന്റിലേക്ക് യന്ത്ര സാമഗ്രികളുമായി വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. നാട്ടുകാരെ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. വാഹനം തടയാൻ നേതൃത്വം നൽകിയ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു വർഷം മുമ്പാണ് ടാർ മിക്‌സിംഗ് യൂണിറ്റിന്റെ നിർമ്മാണം തയ്യൂരിൽ ആരംഭിച്ചത്. പ്ലാന്റ് പരിസര മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ച നാട്ടുകാർ പ്രതിഷേധ സമരവുമായി രംഗത്തുണ്ട്. പ്ലാന്റിലേക്ക് വന്നിരുന്ന വാഹനങ്ങൾ നാട്ടുകാർ മുമ്പ് പലതവണ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ഹൈക്കോടതിയിൽ നിന്നും പൊലീസ് സംരക്ഷണം നേടിയാണ് ഇന്നലെ രാവിലെ രണ്ട് വാഹനങ്ങളിൽ നിർമ്മാണ സാമഗ്രികൾ പ്ലാന്റിലേക്ക് കൊണ്ടുവന്നത്.

വിവരം അറിഞ്ഞെത്തിയ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്മാറിയില്ല. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇത് സംഘർഷത്തിനിടയാക്കി. തുടർന്ന് നിധീഷ് ചന്ദ്രൻ, ജിത്തു തയ്യൂർ, രാഹുൽ, സ്റ്റീഫൻ, വിജില തുടങ്ങിയ സമരസമിതി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പ്ലാന്റിന്റെ നിർമ്മാണം നടതുന്നതെന്ന് വാർഡ് മെമ്പർ അറിയിച്ചു.