anana

ആമ്പല്ലൂർ: ഇവന് ചന്തു എന്ന് പേരിട്ടത് ആരാ, കുറുമ്പ് കാണിക്കുമോ ? അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ എൽ.പി വിഭാഗത്തിൽ അതിഥിയായി ആന എത്തിയപ്പോൾ കുട്ടികൾക്കുണ്ടായിരുന്നത് നൂറുകൂട്ടം ചോദ്യങ്ങൾ. ഇതിനിടെ ചിലർക്ക് തൊട്ടുതലോടണം, ചങ്ങാത്തം കൂടണം. കുട്ടികളുടെ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും മുൻപിൽ ആനയുടമ ഊട്ടോളി കൃഷ്ണൻകുട്ടി കാര്യങ്ങൾ വിശദീകരിച്ചു നൽകി.

അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് ഊട്ടോളി ചന്തുവിന്റെ ഉടമ ഊട്ടോളി കൃഷ്ണൻകുട്ടി. രാവിലെ സ്‌കൂളിലേക്കെത്തിയ കുട്ടികൾ തങ്ങളുടെ സ്‌കൂൾ മുറ്റത്തൈാരാനയെ കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് ആ അമ്പരപ്പ് കൗതുകത്തിന് വഴിമാറി. കരയിലെ ഏറ്റവും വലിയ ജീവിയെ കുട്ടികൾക്ക് അടുത്തറിയാൻ അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിലെ എൽ.പി വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ ആനയെ എത്തിച്ചത്.

ഊട്ടോളി ചന്തുവെന്ന ആമ്പല്ലൂരിന്റെ സ്വന്തം ആനയാണ് കുട്ടികളോട് കൂട്ടുകൂടാനെത്തിയത്. പ്രീ കെ.ജി മുതൽ ഏഴാം ക്‌ളാസ് വരെയുള്ള കുട്ടികൾ ആനയുടെ തൊട്ടരികിൽ നിന്ന് ആനച്ചന്തം ആവോളം ആസ്വദിച്ചു. എല്ലാവർക്കും ആനയെ തൊടാനും ഭക്ഷണം കൊടുക്കാനുമുള്ള അവസരം ലഭിക്കുകയും ചെയ്തു. ഇന്നേരമത്രയും കുട്ടികളിലൊരുവനായി ശാന്തനായി സ്‌കൂൾ വളപ്പിലെ വൈവിദ്ധ്യമാർന്ന മുളകളുടെ സ്വാദറിയുകയായിരുന്നു ചന്തു.

ആനയെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾ ഉടമയും ആനപരിപാലന രംഗത്ത് ദീർഘകാല പാരമ്പര്യത്തിന് ഉടമയുമായ ഊട്ടോളി കൃഷ്ണൻകുട്ടി സ്വതസിദ്ധമായ ശൈലിയിൽ വിവരിച്ചു. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പ്രധാനദ്ധ്യാപിക പി.പി. സൂസി, ഹൈസ്‌കൂൾ പ്രധാനദ്ധ്യാപിക സിനി എം. കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് സോജൻ ജോസഫ്, എൽ.പി പി.ടി.എ പ്രസിഡന്റ് സിന്ധു സുമേഷ്, അദ്ധ്യാപകരായ സജീഷ് എം.ബി, ശ്രീജ, ജിഷ ഐ.എസ് എന്നിവരും എത്തിയിരുന്നു.