ഗുരുവായൂർ: ഏകാദശി നാളിൽ സമയപരിധി കഴിഞ്ഞിട്ടും പ്രവർത്തിച്ച ബാർ പൊലീസ് അടപ്പിച്ചതിനെതിരെ പ്രതിഷേധിച്ചവർ പൊലീസിനെ ആക്രമിച്ചു. ഏകാദശി നാളിൽ അർദ്ധരാത്രിയോടെ കിഴക്കെ നടയിലാണ് മൂന്നംഗ സംഘത്തിന്റെ വിളയാട്ടം നടന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേർ മുദ്രാവാക്യം വിളിച്ച് ജീപ്പിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. കിഴക്കെ നടയിലെ സോപാനം ബാറാണ് സമയപരിധി കഴിഞ്ഞതിനെ തുടർന്ന് പൊലീസ് അടപ്പിച്ചത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന പേരകം സ്വദേശികളായ കുമ്മായക്കാരന്റകത്ത് നിഷാദ് (27), ചെന്തുരുത്തി മനീഷ് (30), കല്ലാഴിക്കുന്നത്ത് ഷഹിൻഷാ (21) എന്നിവരാണ് റോഡിലിറങ്ങി പ്രതിഷേധിച്ചത്. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച എസ്.ഐ: എം.പി. വർഗീസ്, സായുധ പൊലീസിലെ സി.പി.ഒ: റംഷാദ് എന്നിവരെ സംഘം ആക്രമിച്ചു. മൂവരെയും പിടികൂടി ജീപ്പിൽ കയറ്റിയെങ്കിലും മനീഷ്, ഷഹിൻഷാ എന്നിവർ മുദ്രാവാക്യം മുഴക്കി ഓടിരക്ഷപ്പെടുകയായിരുന്നു. നിഷാദിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മനീഷും ഷഹിൻഷയും തിങ്കളാഴ്ച രാവിലെ പൊലീസിൽ കീഴടങ്ങി. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാൻഡ് ചെയ്തു.