തൃശൂർ : പട്ടികജാതി വികസന ഓഫീസർമാർ ധനസഹായ അപേക്ഷ കൈമാറാത്തതിനാൽ പ്രളയക്കെടുതി പ്രത്യേക ധനസഹായം ലഭിക്കാതെ 411 കുടുംബങ്ങൾ. ധനസഹായത്തിന് വേണ്ടി നൽകിയ അപേക്ഷകൾ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർമാർ യഥാസമയം ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലേക്ക് കൈമാറാതിരുന്നതാണ് തടസമായത്.

16 മാസമായിട്ടും ആറ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് ഈ കുടുംബങ്ങൾ.

2018 ലെ പ്രളയക്കെടുതി അനുഭവിച്ച പട്ടികജാതി കുടുംബങ്ങൾക്ക് വകുപ്പ് 5,000 രൂപ ധനസഹായം നൽകുമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഇത് പ്രകാരം ലഭിച്ച അപേക്ഷകളിൽ ഭൂരിഭാഗം പേർക്കും കൊടുത്തു. ദുരിതാശ്വാസ ക്യമ്പ് വിട്ട് സ്വന്തം കുടുംബങ്ങളിലേക്ക് പോകുന്ന പട്ടികജാതി കുടുംബങ്ങൾക്കും, സ്വന്തം വീടുകളിൽ പ്രളയക്കെടുതി അനുഭവിച്ചവർക്കുമാണ് ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ പ്രളയ ദുരിതാശ്വാസ ധനസഹായം കിട്ടാത്ത 411 പട്ടികജാതി കുടുംബങ്ങൾ പലതവണ ഗ്രാമസഭാ യോഗങ്ങളിലും, പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞിരുന്നു. പട്ടികജാതി വികസന ഓഫീസുകളിൽ അന്വേഷിക്കുമ്പോൾ ഫണ്ട് കിട്ടുമ്പോൾ തരാമെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചത്.

ബ്ലോക്കുകളിലെ അപേക്ഷകളുടെ എണ്ണം

ചാവക്കാട് 134
ഇരിങ്ങാലക്കുട 267
മാള 1
മതിലകം 2
വെള്ളാങ്കല്ലൂർ 3
കോർപറേഷൻ 4

അപേക്ഷയോടൊപ്പം നൽകിയത്

റേഷൻകാർഡ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, , ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് കോപ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ സാക്ഷ്യപത്രം

ലഭിക്കേണ്ട തുക 2,05,500

ധനസഹായം ലഭിക്കാത്ത 411 പേരുടെ പട്ടിക തിരുവനന്തപുരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് കൈമാറി. ഫണ്ട് ലഭിച്ചാൽ ഉടൻ കൈമാറും


(സന്ധ്യ, ജില്ലാ പട്ടികജാതി വികസന ഓഫീസർ)

ധനസഹായം ഉടൻ നൽകണം

പ്രളയ ദുരിതാശ്വാസ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്ന് എസ്.സി- എസ്. ടി വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം. എ ലക്ഷ്മണൻ അദ്ധ്യക്ഷതയിൽ ബാബു കാളക്കല്ല്, ഷാജു കിഴക്കൂടൻ, എം. കെ സദാനന്ദൻ, കെ. സി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.