തൃശൂർ : പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോ, വീഡിയോ പ്രദർശനം 'അടയാളങ്ങളു'ടെ ഉദ്ഘാടനം ചൊവ്വാഴ്ച. തേക്കിൻകാട് മൈതാനിയിലെ തെക്കെഗോപുര നടയിൽ നടക്കുന്ന പ്രദർശനം രാവിലെ 9.30ന് മന്ത്രി വി.എസ്. സുനിൽ കുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി ഉദ്ഘാടനം ചെയ്യും.
കേരളത്തിനകത്തും പുറത്തും നിന്നുള്ള 150 ഓളം ന്യൂസ് ഫോട്ടോ, വീഡിയോ ഗ്രാഫർമാരുടെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പ്രദർശനത്തിലുണ്ടാവുക. 300 ഓളം ചിത്രങ്ങളും 18 ഓളം വാർത്താ ദൃശ്യങ്ങളും പ്രദർശനത്തിൽ ഉണ്ടാവും. 2017 ഒക്ടോബർ മുതൽ 2019 നവംബർ വരെ വാർത്താ പ്രാധാന്യം നേടിയ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പ്രദർശിപ്പിക്കുക. ഇന്നു മുതൽ 15 വരെയാണ് പ്രദർശനം.
പ്രദർശനത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് ആറിന് കലാമണ്ഡലം അഭിജോഷും രാഹുൽ അരവിന്ദും സംഘവും മിഴാവിൽ മേളം അവതരിപ്പിക്കും. വൈകിട്ട് ഏഴിന് കൂനത്തറ വിശ്വനാഥ പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്തും നടക്കും.