കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിൽ രണ്ടിടങ്ങളിൽ നായ്ക്കൾക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ എടവിലങ്ങ് പഞ്ചായത്തിലും നായയുടെ പരാക്രമം. ഇ.ടി ടൈസൻമാസ്റ്റർ എം.എൽ.എയുടെ അയൽവാസിയായ ഒരു മൂന്ന് വയസുകാരനെ ആക്രമിച്ച് പാഞ്ഞ നായ ഒമ്പതാം വാർഡ് മെമ്പർ ലൈസാ പ്രതാപന്റെ വീട്ടിലെ നായയെ കടിച്ച് കൊന്നു.
ഒരാടിനെയും കടിച്ചു. ഒരു വീട്ടമ്മയെ ആക്രമിച്ച് പായുന്നതിനിടെ ചത്ത് വീഴുകയും ചെയ്തു. എടവിലങ്ങ് കൈമപറമ്പിൽ രവിയുടെ മകൻ രാജേഷാണ് (3) ആദ്യം ആക്രമിക്കപ്പെട്ടത്. എറിയാട് നീതിവിലാസം കോളനി ഭാഗത്താണ് വീട്ടമ്മയ്ക്ക് കടിയേറ്റത്. ഇവരെ രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.
കഴിഞ്ഞ ദിവസം എറിയാടും അഴീക്കോടും ഭാഗങ്ങളിൽ രണ്ട് നായ്ക്കൾക്കും പേ വിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലായി എട്ട് പേരെയും അഞ്ച് കന്നുകാലികളെയും ആക്രമിച്ച ഈ നായ്ക്കൾ പിന്നീട് ചത്തിരുന്നു.
ഈ രണ്ട് ജഡങ്ങളും പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയതോടെയാണ് പേ വിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. ഇന്നലെ നീതിവിലാസം കോളനി ഭാഗത്ത് ചത്ത് വീണ നായയെയും ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും.
ഇതേ സമയം ഇന്നലെ എടവിലങ്ങ് ചന്തയ്ക്ക് പടിഞ്ഞാറ് അയ്യപ്പ പരിസരത്ത് കടന്നൽ കുത്തേറ്റ് ആശുപത്രിയിലായ സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകൻ ഫിലിപ്പിന്റെ സഹായത്തോടെ കടന്നൽക്കൂട് നീക്കി.