കൊടുങ്ങല്ലൂർ: നഗരസഭയുടെ ആഭിമുഖ്യത്തിൽ വീട് നിർമ്മിക്കുന്ന ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങൾക്കായി മൊബിലൈസേഷൻ ക്യാമ്പ് നടത്തി.
' വീടും തൊഴിലും ' എന്ന ലക്ഷ്യം മുൻനിറുത്തി നടത്തിയ ക്യാമ്പിൽ മുന്നൂറോളം ഗുണഭോക്താക്കൾ പങ്കെടുത്തു. നഗരസഭ നിർമ്മിച്ചു നൽകുന്ന വീടുകളിലെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് നഗരസഭ തൊഴിൽ നൽകും. അതിനായി വിവിധ കോഴ്സുകളിൽ പരിശീലനം നൽകും. ക്യാമ്പിൽ പരിശീലനം ആവശ്യമുള്ളവരുടെ രജിസ്ട്രേഷൻ നടത്തി. ഇതുമായി ബന്ധപ്പെട്ട കോഴ്സ് പൂർത്തിയാക്കിയ എല്ലാവർക്കും നഗരസഭ ജോലി നൽകും. കോഴ്സ് ഫീസ്, യാത്രച്ചെലവ്, ഭക്ഷണം, ഹോസ്റ്റൽ ചെലവ് എന്നിവയും നഗരസഭ എടുക്കും.
നഗരസഭയിലെ നഗര ഉപജീവന മിഷനുമായി ചേർന്നാണ് ഈ തൊഴിൽ പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ വീട് നൽകുന്ന 1200 ഓളം കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. കോഴ്സിന് ചേരാൻ കഴിയാത്തവർ സ്വയം സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് വായ്പ, സാങ്കേതിക സഹായം ഉൾപ്പെടെ നഗരസഭ നൽകും. ഇതിൽ സബ്സിഡിയും ലഭ്യമാകും. മൊബിലൈസേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. പി.എം.എ.വൈ കോ ഓഡിനേറ്റർ അരുൺ ഗോപിനാഥ്, ദേശീയ ഉപജീവന മിഷൻ മേനേജർ മിനി, സി.ഡി.എസ് ചെയർപേഴ്സൺ മല്ലിക എന്നിവർ പ്രസംഗിച്ചു.