കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയുടെ വിശദാംശങ്ങൾ നേരിലറിയാൻ പത്തൊമ്പതംഗ വിദേശ മാധ്യമ സംഘമെത്തി. ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ അമേരിക്ക, കാനഡ, ചൈന, മലേഷ്യ, കെയ്റോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മാദ്ധ്യമ പ്രതിനിധികളാണ് പൈതൃക പദ്ധതി പ്രദേശം സന്ദർശിച്ചത്.

കോട്ടപ്പുറം വാട്ടർ ഫ്രണ്ട് പാർക്ക്, കോട്ടപ്പുറം കോട്ട, പാലിയം കൊട്ടാരം, പറവൂർ സിനഗോഗ് എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു. ഇന്റർനാഷണൽ ഹോട്ടൽ ശൃംഖലയായ മാരിയറ്റ് ആണ് യാത്ര സംഘടിപ്പിച്ചത്. ഏകദേശം 2,500 വര്‍ഷത്തെ ചരിത്ര സമ്പത്തുള്ള മുസിരിസ് പൈതൃക സംരക്ഷണത്തിനായാണ് കേരള സര്‍ക്കാര്‍ മുസിരിസ് പദ്ധതി ആരംഭിച്ചത്.

പ്രാദേശിക സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പരമ്പരാഗത വ്യവസായങ്ങള്‍, കരകൗശല വിദ്യകള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്നിവ മുസിരിസ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. പറവൂര്‍ - കൊടുങ്ങല്ലൂര്‍ പ്രദേശത്തുള്ള പുരാതന ക്ഷേത്രങ്ങള്‍, യൂറോപ്യന്‍ കോട്ടകള്‍, കൊട്ടാരങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, സെമിനാരികള്‍, ജൂത സ്മാരകങ്ങള്‍, മുസ്ലിം ആരാധനാലയങ്ങള്‍ എന്നിവയെ അതിന്റെ സാംസ്‌കാരിക തനിമ ചോരാതെ സംരക്ഷിച്ചു നിറുത്തുന്നതില്‍ മുസിരിസ് പദ്ധതി വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ് പറഞ്ഞു. മ്യൂസിയങ്ങളെ കുറിച്ച് ഡോ. മിഥുൻ വിശദീകരിച്ചു.