പാവറട്ടി: ഭിന്നശേഷിക്കാരിയായ രശ്മിക്ക് ഭവന പുനഃർനിർമ്മാണം നടത്തി നാട്ടുകാരുടെ സ്‌നേഹവായ്പ്. പിതാവ് മരുതോ കോച്ചൻ മകൻ മണി തളർവാതം പിടിപെട്ട് മരിച്ചതോടെ അനാഥയായ പതിനേഴ് വയസ്സുകാരി രശ്മിയും അമ്മ രാധയും പണി പൂർത്തീകരിക്കാത്ത വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഭിന്നശേഷിക്കാരിയായ രശ്മിയെ പരിരക്ഷിക്കേണ്ടതിനാൽ അമ്മ രാധയ്ക്ക് കൂലിപ്പണിക്കു പോകാനും കഴിയാത്ത സ്ഥിതിയാണ്.
ബന്ധുക്കളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാനം. ദുരിതം മനസ്സിലാക്കിയ സി.പി.എം ചിറ്റാട്ടുകര ബ്രാഞ്ചാണ് ഭവന പുനർനിർമ്മാണം ഏറ്റെടുത്തത്. രണ്ടു മാസക്കാലം കൊണ്ട് ഭവന നിർമ്മാണം പൂർത്തിയാക്കി. രശ്മിക്ക് വേണ്ട മരുന്ന് മാസങ്ങളായി ചിറ്റാട്ടുകര സഹകരണ ബാങ്ക് സെക്രട്ടറി പോളി ഡേവിഡിന്റെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട്. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക, ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി. സുബി ദാസ് എന്നിവർ രക്ഷാധികാരികളും ചിറ്റാട്ടുകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജിയോ ഫോക്‌സ് ചെയർമാനും ബ്രാഞ്ച് സെക്രട്ടറി എ.സി. രമേഷ് ജനറൽ കൺവീനറും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.ആർ. സന്തോഷ് ഖജാൻജിയുമായ കമ്മിറ്റിയാണ് ഭവന പുനഃർനിർമ്മാണത്തിന്റെ ചുമതല നിർവ്വഹിച്ചത്.

ഭവനത്തിന്റെ താക്കോൽദാനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ നിർവ്വഹിച്ചു. പി.ജി. സുബി ദാസ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി.വി. ഹരിദാസൻ, മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ, വി.എൻ. സുർജിത്ത്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.