തൃശൂർ: ഹൈമാസ്റ്റുകൾ സ്ഥാപിക്കാനുള്ള നിർവഹണ ഏജൻസിയായി കെൽട്രോണിനെ തീരുമാനിക്കുന്നതിനെ ചൊല്ലി സി.പി.എമ്മിൽ ഉടലെടുത്ത തർക്കത്തെ തുടർന്ന് ജില്ലാ നേതൃയോഗം വിളിച്ചു. ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്. ബന്ധപ്പെട്ട നേതാക്കളെയും കൗൺസിലർമാരെയും വിളിച്ചുവരുത്തി അഭിപ്രായമാരാഞ്ഞു. തണ്ണീർത്തടം നികത്തി ബസ് സ്റ്റാൻഡ് നിർമ്മിക്കാനെടുത്ത തീരുമാനം പൊതുസമൂഹത്തിൽ പാർട്ടിയുടെ വിശ്വാസ്യതയ്ക്കു കളങ്കമുണ്ടാക്കിയെന്ന ആശങ്കയാണ് നേതാക്കൾ പങ്കുവച്ചത്.
കെൽട്രോണിന്റെ ഇടപാടുകളിൽ അഴിമതിയും ഗുണമേന്മയില്ലായ്മയും ഉണ്ടെന്നു മുൻ ഡെപ്യൂട്ടിമേയർ വർഗീസ് കണ്ടംകുളത്തി ചൂണ്ടിക്കാട്ടിയതോടെയാണ് പുതിയ വിവാദം ഉയർന്നത്. ഇതിനിടെ വ്യവസായമന്ത്രിയുടെ ഓഫീസിൽ നിന്നു ഇക്കാര്യത്തിൽ പാർട്ടി നേതാക്കളുമായി സംസാരിച്ചു. ഇതോടെയാണ് ജില്ലാനേതൃയോഗം വിളിക്കാൻ തീരുമാനിച്ചത്.
കോർപറേഷൻ കൗൺസിൽ സബ് കമ്മിറ്റി അംഗങ്ങളായ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവീസ് കാട, പി. കൃഷ്ണൻകുട്ടി തുടങ്ങിയവരുടെ അഭിപ്രായമാണ് ആദ്യഘട്ടത്തിൽ തേടിയത്. സ്വതന്ത്രർ ഉൾപ്പെടെ ചില കൗൺസിലർമാരുമായും ചർച്ച നടത്തുന്നുണ്ട്. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ടെൻഡർ നടപടികളുടെ ദോഷവശങ്ങളെ കുറിച്ചു ചോദിച്ചറിഞ്ഞു. പാർട്ടിനയത്തിന് അനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനു കരാർ നൽകാൻ തീരുമാനിച്ചതെന്ന നിലപാടും ചർച്ചയായി.