തൃശൂർ: വില കുറഞ്ഞുതുടങ്ങിയതോടെ ഹോട്ടലുകളിൽ ഇഷ്ടവിഭവങ്ങളിലേക്ക് സവാളയും ഉള്ളിയും തിരിച്ചെത്തി തുടങ്ങി. ഉത്തരേന്ത്യയിൽ ഉള്ളിയുടെ വിളവെടുപ്പ് ആരംഭിച്ചതും കേരളത്തിലേക്കുള്ള ലോഡുകൾ ആവശ്യത്തിന് എത്തിത്തുടങ്ങിയതും വില കുറച്ചേക്കുമെന്നാണ് വിവരം.

സവാളയുമായി 15 ലോറികൾ ഇന്നലെ തൃശൂർ മാർക്കറ്റിലെത്തി. സവാളയ്ക്കും ചെറിയ ഉള്ളിക്കും 30 രൂപ മുതൽ 50 രൂപ വരെ വില കുറഞ്ഞിട്ടുണ്ട്. വരും ദിവസം കൂടുതൽ സവാള എത്തുന്നതോടെ വില കുത്തനെ കുറയും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയത്തിലെ കൃഷിനാശമാണ് സവാളയ്ക്കും ചെറിയ ഉള്ളിക്കും ക്ഷാമം ഉണ്ടാക്കിയത്. ക്ഷാമം മുൻകൂട്ടിയറിഞ്ഞ കുത്തകക്കാർ ആവശ്യത്തിന് ഇവ സ്‌റ്റോക്ക് ചെയ്തിരുന്നു. സെപ്തംബറിലാണ് വില കൂടിയത്. അന്ന് കിലോയ്ക്ക് 19 രൂപയുണ്ടായിരുന്ന സവാള വില പെട്ടെന്ന് 59 രൂപയായി. കഴിഞ്ഞ ആഴ്ച വില 200 രൂപയിലേക്കെത്തി. നാലുവർഷത്തിനിടെയുണ്ടായ റെക്കാഡ് വിലയായിരുന്നു ഇത്. ഉള്ളിവില പിടിച്ചുനിറുത്താൻ സർക്കാർ തലത്തിൽ പോംവഴികൾ തേടുന്നതിനിടയിലാണ് പുതിയ സ്‌റ്റോക്കെത്തിയത്.

വിലക്കയറ്റം വരുത്തിയ വിന

സവാളയുടെയും ചെറിയ ഉള്ളിയുടെയും പരിപ്പിന്റെയും വിലക്കയറ്റം മൂലം ഉള്ളിവട, ബോണ്ട തുടങ്ങിയ ലഘു പലഹാരങ്ങളും ചിക്കൻ കടായി, കൊണ്ടാട്ടമടക്കമുള്ള വിഭവങ്ങൾ ചില ഹോട്ടലുകൾ ഒഴിവാക്കിയിരുന്നു. സാമ്പാറിൽ ഉള്ളി പേരിനു മാത്രമായി ചുരുക്കി.

ഉള്ളിയുടെ സ്ഥാനം കാബേജ് ഏറ്റെടുത്തതിനാൽ സമൂസ കിട്ടാനുണ്ട്. പക്ഷേ പഴയ രുചിയില്ല. മുട്ട റോസ്റ്റ് ഇല്ലാതായി, പകരം മുട്ടക്കറി മാത്രം. ബിരിയാണിയോടൊപ്പം നൽകുന്ന തൈരിൽ കക്കിരിയും കാരറ്റും മാത്രമാക്കി ഒതുക്കി. വിഭവങ്ങൾ ഉള്ളികൊണ്ട് അലങ്കരിക്കുന്ന ഏർപ്പാടുതന്നെ ഹോട്ടലുകൾ നിറുത്തി.

ആവശ്യത്തിന് സ്‌റ്റോക്ക്

പൊള്ളാച്ചിയിൽ നിന്നാണ് തൃശൂരിലേക്ക് സവാളയും ചെറിയ ഉള്ളിയും എത്തുന്നത്. ആവശ്യത്തിന് ഇനിയുള്ള ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് പൊള്ളാച്ചിയിലെ വ്യാപാരികൾ പറഞ്ഞത്

ജോജോ (സവാള-ചെറിയ ഉള്ളി മൊത്ത വ്യാപാരി, തൃശൂർ)


ആശ്വാസം തരുന്നു

സവാള വില കുറയുന്നത് ആശ്വാസമാണ്. പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന ഹോട്ടൽ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണിത്

ജി.കെ പ്രകാശ് ( കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്)


സവാള വില (മൊത്ത വിപണിയിൽ)

ഇന്നലെ 105-120
മിനിഞ്ഞാന്ന് 120-140
അഞ്ചു ദിവസം മുമ്പ് 180-190


ചെറിയ ഉള്ളി (മൊത്ത വിപണിയിൽ)


ഇന്നലെ 120
മിനിഞ്ഞാന്ന് 150
അഞ്ചു ദിവസം മുമ്പ് 200