തൃശൂർ: കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര കാർഷിക പ്രദർശന ശിൽപശാല 'വൈഗ' ജനുവരി നാല് മുതൽ ഏഴ് വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും. നെതർലാൻഡ്‌സ്, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ എത്തും. കൃഷി, അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട 350 സ്റ്റാളുകൾ ഒരുക്കും. 20 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് സ്‌കൂൾ മുഖേന സൗജന്യ പാസ് അനുവദിക്കും.
പൂർണമായും ഹരിത ചട്ടം പാലിച്ചാണ് മേള നടത്തിപ്പ്. നാലിന് രാവിലെ 10ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈഗ ഉദ്ഘാടനം ചെയ്യും. മൂന്നിന് സമാപിക്കുന്ന ലോക കേരളസഭയിലെ ചില പ്രതിനിധികൾ വൈഗ സന്ദർശിക്കും. സമാപന സമ്മേളനം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷത്തെ വൈഗയോടനുബന്ധിച്ചുള്ള മാദ്ധ്യമ അവാർഡിന് ദൃശ്യ വിഭാഗത്തിൽ എ.സി.വി ബ്യൂറോ ചീഫ് ബാലു മേനോൻ, ടി.സി.വി, അച്ചടി വിഭാഗത്തിൽ എം.ബി ബാബു (മാതൃഭൂമി), സുബിൻ മാത്യു തോമസ് (മനോരമ), ശ്രവ്യ വിഭാഗത്തിൽ ആർ. ജയദീപ്, റേഡിയോ മാംഗോ, വാർത്താചിത്ര വിഭാഗത്തിൽ കെ.കെ രുദ്രാക്ഷൻ (ദേശാഭിമാനി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടതായി മന്ത്രി അറിയിച്ചു. ഇവർക്കെല്ലാം 10,000 രൂപ വീതമാണ് സമ്മാനം. ടൈംസ് ഒഫ് ഇന്ത്യ സ്‌പെഷൽ കറസ്‌പോണ്ടന്റ് ആർ. രാമവർമ്മന് പ്രത്യേക ജൂറി പുരസ്‌കാരം സമ്മാനിക്കും. ഓൺലൈൻ മാദ്ധ്യമ വിഭാഗത്തിൽ ബെന്നി അലക്‌സാണ്ടർ (ഹരിത കേരളം), സി.വി. ഷിബു (വികാസ്പീഡിയ) എന്നിവർ സമ്മാനാർഹരായി. 5,000 രൂപ വീതമാണ് സമ്മാനത്തുക. ഇത്തവണത്തെ വൈഗ തുടങ്ങുന്നതിന് മുമ്പ് പുരസ്‌കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ രാജേന്ദ്രലാലും പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ രാധാകൃഷ്ണനും പങ്കെടുത്തു.