തൃശൂർ: എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോവുക എന്നതാണ് നേതൃത്വത്തിന്റെ കടമയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തർക്കിക്കേണ്ട കാലമല്ലിത്. ആ തിരിച്ചറിവ് താൻ അടക്കമുള്ളവർ ഉൾക്കൊള്ളുന്നു. തമ്മിലടിക്കുന്ന കാലം കഴിഞ്ഞു. ശത്രുക്കൾ ശക്തരാകാൻ ശ്രമിക്കുകയാണ്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പത്രിക നൽകേണ്ടെന്ന് തീരുമാനിച്ചത് പ്രവർത്തകർക്കിടയിലെ തർക്കം ഒഴിവാക്കാനാണ്. അത് സംഘടനാപരമായ നല്ല തീരുമാനമാണ്.

എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാൻ കഴിഞ്ഞൊരു നേതാവായിരുന്നു സി.എൻ. കേരള ബാങ്ക് രൂപീകരണത്തിന് സർവകക്ഷിയോഗം വിളിക്കാതെ ഏകപക്ഷീയമായി തീരുമാനിച്ച് തർക്കമുണ്ടാക്കിയത് പിണറായി സർക്കാരാണ്. എന്നാൽ സി.എൻ സഹകരണ മന്ത്രിയായിരിക്കുമ്പോൾ സഹകരണ നിയമം ഒരു എതിർപ്പുമില്ലാതെയാണ് എല്ലാവരെയും സഹകരിപ്പിച്ച് പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തേറമ്പിൽ രാമകൃഷ്ണൻ അദ്ധ്യക്ഷനായി. മാർ അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ശൂരനാട് രാജശേഖരൻ, കെ.പി വിശ്വനാഥൻ, പത്മജ വേണുഗോപാൽ, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ മാധവൻ, എം.പി വിൻസെന്റ്, പി.വി കൃഷ്ണൻനായർ, ഐ.പി പോൾ, ജോസഫ് ടാജറ്റ്, ചേംബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് ടി.ആർ വിജയകുമാർ പ്രസംഗിച്ചു.