തൃശൂർ : പത്രപ്രവർത്തക യൂണിയൻ 55ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോ, വീഡിയോ പ്രദർശനം 'അടയാളങ്ങൾ'ക്ക് തുടക്കമായി. മന്ത്രി വി.എസ് സുനിൽ കുമാറും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി പ്രദർശനം ഉദ്ഘാടനം ചെയ്തു.

ചെന്നിത്തല നാട മുറിക്കുന്നതിന്റെ ചിത്രം മന്ത്രി വി.എസ്. സുനിൽ കുമാർ കാമറയിൽ പകർത്തിക്കൊണ്ടായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. വീഡിയോ ദൃശ്യങ്ങളുടെ സ്വിച്ച് ഓൺ കർമ്മം രമേശ് ചെന്നിത്തല നിർവഹിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുള്ള 150 ഓളം ന്യൂസ് ഫോട്ടോ, വീഡിയോഗ്രഫർമാരുടെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പ്രദർശനത്തിലുള്ളത്. കാരിക്കേച്ചർ പ്രദർശനവും ഉണ്ട്. മേയർ അജിത വിജയൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, പത്മജ വേണുഗോപാൽ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി സി. നാരായണൻ, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. പ്രഭാത്, സെക്രട്ടറി വിനീത എം.വി തുടങ്ങിയവർ സംബന്ധിച്ചു. പ്രദർശനത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും സംഘടിപ്പിക്കും. ബുധനാഴ്ച വൈകിട്ട് 6.30ന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി, കലാമണ്ഡലം കൽപ്പിത സർവകലാശാല ഒരുക്കുന്ന നൃത്തസന്ധ്യ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നിവയും ഉണ്ടാകും...

പ്രദർശനം ഇങ്ങനെ

300 ഓളം ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും

2017 ഒക്ടോബർ മുതൽ 2019 നവംബർ വരെ വാർത്താ പ്രാധാന്യം നേടിയവ

മീഡിയ അക്കാഡമിയുടെ ലോക പ്രശസ്ത ചിത്രങ്ങൾ

ഡിസംബർ 15 വരെ