കൊടുങ്ങല്ലൂർ: പേപ്പട്ടി ആക്രമണം ഭീതിയുളവാക്കിയ എറിയാട് പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ ക്യാമ്പ് നടത്തി. പഞ്ചായത്തിലെ മുഴുവൻ വളർത്തുനായകൾക്കും, പേപ്പട്ടിയുടെ കടിയേറ്റ മറ്റു വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് നടത്താൻ ലക്ഷ്യമിട്ടാണ് വാർഡുകളിൽ ക്യാമ്പ് നടത്തിയത്.
എറിയാട്, അഴീക്കോട് ഭാഗങ്ങളിലുണ്ടായ വത്യസ്ത സംഭവങ്ങളിൽ നിരവധി പേർക്കും ഏതാനും വളർത്ത് മൃഗങ്ങൾക്കും പേ നായയുടെ കടിയേറ്റിരുന്നു. തുടർന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പ്രസിദിനി മോഹനൻ എന്നിവരുടെ മുൻകൈയ്യിൽ നടന്ന ഉന്നത തല യോഗത്തിലെ തീരുമാന പ്രകാരമാണ് അടിയന്തര നടപടിയെന്ന നിലയിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എം.കെ ഗിരിജ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.സി.വി ജോസി, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. ധന്യ, അസി: പ്രൊജക്ട് ഓഫീസർമാരായ ഡോ. ജോയ് ജോർജ്ജ്, ഡോ. പി.ഡി സുരേഷ്, എറിയാട് മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. പ്രീത തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ആശങ്കവേണ്ടെന്ന് എം.എൽ.എ
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആളുകളെയും വളർത്ത് മൃഗങ്ങളെയും ആക്രമിച്ച പട്ടികൾക്ക് പേബാധയുണ്ടെന്നത് കണ്ടെത്തിയതിനാലാണ് മുൻകരുതലെന്ന നിലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ക്യാമ്പുകൾ നടത്തുന്നതെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് പ്രസിദിനി മോഹനനും അറിയിച്ചു. ഇതുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.