ചാലക്കുടി: മൃഗങ്ങളിൽ മാത്രം കണ്ടുവരുന്ന ഡൈറോഫൈലേറിയ വിര മനുഷ്യരുടെ വായിലുമുണ്ടെന്ന് സ്ഥിരീകരിച്ചു. പോട്ടയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വിജയകരമായി വിരയെ പുറത്തെടുത്തു. പോട്ട ധന്യ ആശുപത്രിയിലെ മാക്‌സിലോഫേഷ്യൽ സർജൻ ഡോ. ജോജി പീറ്ററാണ് മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയുടെ വായിലെ മുഴയും അതിനകത്തുണ്ടായിരുന്ന അപകടകാരിയായ വിരയെയും പുറത്തെടുത്തത്. കൊടകരയിൽ നിന്നും പല്ലുവേദനയുമായാണ് വീട്ടമ്മ ധന്യ ആശുപത്രിയിലെത്തിയത്. ദന്ത ഡോക്ടർ നടത്തിയ സ്‌കാനിംഗിൽ വായ്ക്കകത്തെ മുഴ തിരിച്ചറിയുകയും മൂവാറ്റുപുഴ അണ്ണൂർ ഡെന്റൽ കോളേജിൽ വിദഗ്ദ്ധ പരിശോധ നടത്തുകയും ചെയ്തിരുന്നു. മുഴയ്ക്കുള്ളിൽ വിരയുണ്ടെന്ന് സ്ഥിരീകരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ നടത്തിയ മറ്റൊരു പരിശോധനയിലാണ് ഇതു ഡൈറോ ഫൈലേറിയയാണെന്ന് സ്ഥിരീകരിച്ചത്. അനസ്‌ത്യേഷ്യയില്ലാതെ സാധാരണ ശസ്ത്രക്രിയയിലൂടെയാണ് വീട്ടമ്മയുടെ വായ്ക്കുള്ളിലൂടെ കവിളിൽ സ്ഥിതി ചെയ്തിരുന്ന മുഴ നീക്കം ചെയ്തത്. നായ്ക്കളുമായി സമ്പർക്കം പുലർത്തുന്നവരിൽ ഇതു പിടിപെടാമെന്ന് ഡോ. ജോജി പീറ്റർ പറഞ്ഞു. ഏതാനും മാസം മുമ്പ് ഇരിങ്ങാലക്കുടയിൽ ഒരാളുടെ കണ്ണിലും ഇത്തരം വിര കണ്ടെത്തിയിരുന്നു. പതിനഞ്ച് വർഷത്തോളം ജീവിക്കുന്ന ഡൈറോ ഫൈലേറിയ വിര ശരീരത്തിൽ വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. തലച്ചോറിൽ എത്തപ്പെട്ടാൽ ഫലം മാരകമായിരിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി. കൊതുകുകൾ വഴിയും വിര മനുഷ്യരിലെത്താൻ സാദ്ധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു.