ചാലക്കുടി: മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബ്ബ് ഇന്റർനാഷണലും സംയുക്തായി സംഘടിപ്പിക്കുന്ന കാടിന്റെ മക്കൾക്കൊരു കൈതാങ്ങ് പദ്ധതിക്ക് ബുധനാഴ്ച വാഴച്ചാലിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാഴച്ചാൽ ആദിവാസി ഊരിലെ കുടുംബങ്ങൾക്ക് ശുചിമുറി നിർമ്മിച്ച് നൽകുന്ന പദ്ധതിക്കാണ് ആരംഭം കുറിക്കുന്നത്. ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ പ്രസിഡന്റ് ഗുഡറൺ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. ആദിവാസികൾക്കായി 18 ശുചിമുറികൾ നിർമ്മിക്കുന്നതിന് 19ലക്ഷം രൂപയുടെ ചെക്ക് മണപ്പുറം ഫിനാൻസിന്റെ സി.എം.ഡിയും ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ഡയറക്ടറുമായ വി.പി. നന്ദകുമാർ വാഴച്ചാൽ ഡി.എഫ്.ഒ: എസ്.വി. വിനോജ് കുമാറിന് കൈമാറുമെന്ന് പ്രൊജക്ട് കോ- ഓർഡിനേറ്റർ സുഷമ്മ നന്ദകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ടി.എൻ. മനോഹരൻ ഐ.എഫ്.എസ്, ലയൺസ് ഇന്റർനാഷണൽ ഡയറക്ടർമാരായ ജോൺ, ആർ. മുരുകൻ, വിജയകുമാർ രാജു, എം.ഡി. ഇഗ്‌നേഷ്യസ് എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാജു പാത്താടൻ, ജെയിൻ ചിറ്റിലപ്പിള്ളി, കെ.എം. അഷറഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.