പാവറട്ടി: കോൺഗ്രസ് അംഗങ്ങൾ തമ്മിൽ മത്സരിച്ച പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി. വത്സലയ്ക്ക് അട്ടിമറി വിജയം. എൽ.ഡി.എഫിന്റെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയോടെയാണ് സി.പി. വത്സലയുടെ വിജയം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്‌ലിം ലീഗിലെ അബു വടക്കയിൽ യു.ഡി.എഫ് ധാരണ പ്രകാരം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസ് പാർട്ടിയിലെ ഐ ഗ്രൂപ്പിലെ തർക്കമാണ് പാവറട്ടി പഞ്ചായത്ത് ഭരണം നഷ്ടമാകുന്നതിന് ഇടയാക്കിയത്. മണലൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ കോൺഗ്രസ് ഭരിക്കുന്ന ഏക ഗ്രാമ പഞ്ചായത്താണ് പാവറട്ടി.

നിലവിലെ വൈസ് പ്രസിഡന്റായ കോൺഗ്രസ് അംഗം വിമല സേതുമാധവൻ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് രാജിവയ്ക്കുമെന്ന് കോൺഗ്രസ് നേതൃത്വം മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതുവരെയും വിമല സേതുമാധവൻ രാജി വച്ചിരുന്നില്ല. അതോടൊപ്പം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ രാജിവയ്ക്കാത്തതിനാൽ എ - ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു.

യു.ഡി.എഫ് ധാരണ പ്രകാരം അവസാന ഒരു വർഷം കോൺഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം. കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി വിമല സേതുമാധവനാണ്. സി.പി. വത്സലയുടെ പേര് എൽ.ഡി.എഫ് അംഗം വി.കെ. ജോസഫ് ആണ് നിർദേശിച്ചത്. എൽ.ഡി.എഫ് അംഗം രവി ചേറാട്ടി പിൻതാങ്ങി. പന്ത്രണ്ടാം വാർഡ് അംഗം എൻ.പി. കാദർമോനാണ് ഔദ്യോഗിക സ്ഥാനാർത്ഥി വിമലയുടെ പേര് നിർദ്ദേശിച്ചത്. കേരള കോൺഗ്രസ് അംഗം മിനി ലിയോ പിന്താങ്ങി. പി.ഡബ്ലു.ഡി എക്‌സിക്യൂട്ടിവ് എൻജിനീയർ വി.ഡി. ഹരിതയായിരുന്നു വരണാധികാരി.

കക്ഷിനില

കോൺഗ്രസ് - 6 (സി.പി. വത്സലയുടെയും വിമലയുടെയും ഉൾപ്പെടെ)

കേരള കോൺഗ്രസ് - 1

മുസ്‌ലിം ലീഗ് - 2

എൽ.ഡി.എഫ് - 4

ബി.ജെ.പി - 2

സി.പി. വത്സലയ്ക്ക്

7 വോട്ട്

കിട്ടിയത് നാല് എൽ.ഡി.എഫ് അംഗങ്ങളുടെയും രണ്ട് മുസ്‌ലിംലീഗ് അംഗങ്ങളുടെയും സ്ഥാനാർത്ഥി സി.പി. വത്സലയുടെയും വോട്ട്

വിമലയ്ക്ക്

6 വോട്ട്

ഒരു കേരള കോൺഗ്രസ് അംഗത്തിന്റെയും സ്ഥാനാർത്ഥി ഉൾപ്പെടെ അ‌ഞ്ച് കോൺഗ്രസ് അംഗങ്ങളുടെ അടക്കം ആറ് വോട്ടുകൾ.

ആർക്കുമില്ല

2

ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

കാപ്

പാവറട്ടി പഞ്ചായത്ത് പ്രസിഡന്റായ സി.പി. വത്സലയെ സ്ഥാനമൊഴിഞ്ഞ അബു വടക്കയിൽ അഭിനന്ദിക്കുന്നു.