തൃശൂർ: ഭരണകൂടവും പൊലീസും നടത്തുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കടന്നാക്രമണങ്ങളെ തൊഴിലാളികളും ബഹുജനങ്ങളും സംഘടിച്ച് എതിർത്ത് തോൽപ്പിക്കണമെന്ന് മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം.എം. ലോറൻസ് പറഞ്ഞു. യു.എ.പി.എ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനാധിപത്യ സംരക്ഷണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റുമുട്ടൽ കൊലകളെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നും യു.എ.പി.എ നടപ്പാക്കരുതെന്നും പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നു പ്രസ്താവിക്കുന്ന പ്രമേയം കേരള നിയമസഭ പാസാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങൾ പി.കെ. വേണുഗോപാലനും ടി.ബി. മിനിയും അവതരിപ്പിച്ചു.

സംഘാടക സമിതി ചെയർമാൻ ഡോ. എം.ആർ. ഗോവിന്ദൻ അദ്ധ്യക്ഷനായി. എൻ. മാധവൻകുട്ടി, കെ.എ. മോഹൻദാസ്, പി.സി. ഉണ്ണിച്ചെക്കൻ, ഷീബാ അമീർ, റഫീക്ക് അഹമ്മദ്, കെ.എം. സലീംകുമാർ, ഡോ. കെ.എൻ. അജോയ്കുമാർ, ടി.ആർ. രമേഷ്, പ്രൊഫ. വി. ശിവപ്രസാദ്, കെ.പി. സന്ദീപ്, എം.കെ. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.