തൃശൂർ: സാധനങ്ങളുടെ വിലക്കയറ്റവും പണം അനുവദിക്കുന്നതിലുള്ള പുതിയ മാനദണ്ഡവും മൂലം സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണ ചുമതലയുള്ള പ്രധാനദ്ധ്യാപകർ കടക്കെണിയിൽ. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ മാസം വരെ ഒരു രൂപ പോലും തുക ഭൂരിഭാഗം പ്രധാനദ്ധ്യാപകരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല.

മൂന്ന് പ്രധാന കാര്യങ്ങളാണ് പ്രധാനാദ്ധ്യാപകരെ അലട്ടുന്നത്.

1. നാലുവർഷം മുമ്പ് നിശ്ചയിച്ച തുകയിൽ മാറ്റം വരുത്തിയില്ല- 500 കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളിൽ മൂന്ന് തരം കറികൾ ഉൾപ്പെടെയുള്ള ഉച്ച ഭക്ഷണം, ആഴ്ചയിൽ രണ്ടു ദിവസം പാല്, ഒരു ദിവസം മുട്ട എന്ന തോതിൽ നൽകണമെങ്കിൽ ചുരുങ്ങിയത് 70,000 രൂപ വേണം. സ്‌കൂൾ തുറക്കുന്ന സമയത്തുള്ളതിനേക്കാൾ മൂന്നിരട്ടി ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിച്ചു. ലഭിക്കുന്ന തുക ശരാശരി 35,000 രൂപയാണ്.

2. സർക്കാരിൽ നിന്നുള്ള ഫണ്ട് യഥാസമയം ലഭിക്കുന്നില്ല. നേരത്തെ പ്രധാനാദ്ധ്യാപകന്റെ ബാങ്ക് അക്കൗണ്ടിൽ പണം അഡ്വാൻസായി നിക്ഷേപിച്ചിരുന്നു. 15 ദിവസം കൂടുമ്പോൾ ആവശ്യത്തിന് ബാങ്കിൽ നിന്ന് എടുത്ത് ചെലവഴിക്കാൻ ഇതുവഴി കഴിഞ്ഞിരുന്നു.

3. പണം അനുവദിക്കുന്ന രീതിയിലെ മാറ്റമാണ് മറ്റൊരു പ്രധാന പ്രശ്‌നം. നേരത്തെ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന ബില്ലുകൾ എ.ഇ.ഒ. ഓഫീസിൽ സമർപ്പിച്ചാൽ മതി. അഡ്വാൻസായി ലഭിക്കുന്ന തുകയിൽ നിന്ന് പണം ചെലവഴിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ പണം നിക്ഷേപിക്കുന്നത് ബിംസ് എന്ന പുതിയ അക്കൗണ്ടിലാണ്. ഇതിനായി ബില്ലുകൾ ഹാജരാക്കേണ്ടത് ട്രഷറിയിലാണ്. ബിംസ് അക്കൗണ്ടിൽ പണമെത്താൻ സമയമെടുക്കും. ജൂണിൽ നൽകിയ ബിൽ തുക പോലും ഇതുവരെ ലഭിക്കാത്തവരുണ്ട്.


കുട്ടിക്കു നൽകേണ്ട സാധനങ്ങൾ

ആഴ്ചയിൽ രണ്ട് ദിവസമായി 300 മില്ലിലിറ്റർ പാൽ, ഒരു ദിവസം ഒരു മുട്ട. ചോറിനു പുറമേ സാമ്പാർ, തോരൻ, പരിപ്പ്, തീയൽ, സാലഡ്, പായസം, മുട്ടക്കറി, പച്ച മോര്, പുളിശേരി, പച്ചടി, കിച്ചടി, പപ്പടം, മെഴുക്ക് പുരട്ടി, ചമ്മന്തി, വൻപയർ. ഇതു കൂടാതെ സ്‌കൂൾ മുറ്റത്തും പരിസരത്തും കിട്ടുന്ന മറ്റ് ഇലക്കറികളും ഉയോഗിച്ചു ഭക്ഷണം ഉണ്ടാക്കണം. ഇതിനു പുറമേ പാചകത്തിനുള്ള വെളിച്ചെണ്ണ, തേങ്ങ, മുളക്, ഉപ്പ് അടക്കമുള്ള ചേരുവകൾ വാങ്ങാനും പാചകവാതകത്തിന്റെ ചെലവ് , മാവേലി സ്റ്റോറിൽ നിന്ന് അരി എത്തിക്കാനുള്ള ചെലവ് എന്നിവയും കണ്ടെത്തണം

തുക ഇങ്ങനെ

150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങൾ- 8 രൂപ
151 മുതൽ 500 കുട്ടികൾ വരെ - 7 രൂപ
501 ന് മുകളിൽ കുട്ടികൾ- 6 രൂപ