ഒന്നാം ഘട്ട നവീകരണം പൂർത്തിയാക്കിയ ഗാർഡനിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം
വടക്കാഞ്ചേരി: ചെപ്പാറ റോക്ക് ഗാർഡനെ നശിപ്പിച്ച് സാമൂഹിക വിരുദ്ധർ. പച്ച പരവതാനി വിരിച്ച കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ടുള്ള ദൃശ്യസൗന്ദര്യവും പ്രകൃതി ലാവണ്യത്തിന്റെ നിറകുടവുമായ തെക്കുംകര പഞ്ചായത്തിലെ ചെപ്പാറ റോക്ക് ഗാർഡനാണ് ഈ ദുർവിധി. നവീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം.
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്ന ഇവിടെ അടുത്ത കാലത്ത് ഇത്തരക്കാർ വിലസുകയാണ്. ലക്ഷങ്ങളുടെ വികസന പ്രവർത്തനമാണ് അടുത്ത കാലത്ത് നടന്നത്. ഇതിൽ ഭൂരിഭാഗവും തല്ലി തകർത്ത നിലയിലാണിപ്പോൾ. സോളാർ വിളക്കുകളും കോൺക്രീറ്റ് ഇരിപ്പിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. മദ്യക്കുപ്പികൾ എറിഞ്ഞുടച്ചും പാറക്ക് മുകളിൽ വലിച്ചെറിഞ്ഞും ടൂറിസം കേന്ദ്രത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് മദ്യപസംഘം. അനാശാസ്യ പ്രവർത്തകർ ഇവിടം താവളമാക്കുന്നതായും പരാതിയുണ്ട്. ചെപ്പാറക്ക് മുകളിലുള്ള പുരാതനമായ മുനിയറകളും നശിപ്പിച്ചിട്ടുണ്ട്.
നാട്ടുകാരൻ കൂടിയായ മന്ത്രി എ.സി മൊയ്തീൻ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ ഇടപെടലോടെ 45 ലക്ഷം രൂപ ചെലവഴിച്ചാണ് ചെപ്പാറയിൽ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ചെപ്പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ കിലോമീറ്ററുകൾ പച്ച പട്ടണിഞ്ഞ് കിടക്കുന്ന ഭൂപ്രദേശങ്ങൾ കാണാമെന്നത് വലിയ ആകർഷണമാണ്. ജില്ലയിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ചെപ്പാറ റോക്ക് ഗാർഡനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ സുരക്ഷാ ജീവനക്കാരുടെ അഭാവവും പൊലീസിന്റെ സാന്നിധ്യമില്ലായ്മയുമാണ് ഇവിടെ സാമൂഹിക വിരുദ്ധർ താവളമാക്കാനിടയാക്കിയതെന്നാണ് ആക്ഷേപം. പാറക്ക് മുകളിലേക്ക് കയറുന്നതിന് ഒരു നിയന്ത്രണവുമില്ലാത്തതും ഇത്തരക്കാർക്ക് തണലാകുന്നു.
എന്നാൽ സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ജനകീയ പങ്കാളിത്തത്തോടെ ഇത്തരക്കാരെ നേരിടുമെന്നും തെക്കുംകര പഞ്ചായത്ത് അധികൃതർ അറിയിച്ചു. പൂർണ്ണമായ സജ്ജീകരണങ്ങൾ നിലവിൽ വരുന്നതോടെ കാര്യങ്ങൾ വരുതിയിലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
............................................
ആദ്യഘട്ട നവീകരണത്തിൽ നടന്നത്
സഞ്ചാരികൾക്ക് കുത്തനെയുള്ള കയറ്റം സുഗമമായി കയറാനുള്ള കൈവരികൾ
പ്രദേശമാകെ സോളാർ ലൈറ്റുകൾ
ശുചി മുറികളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും
ഭക്ഷണ സൗകര്യം ലഭ്യമാക്കാൻ കുടുംബശ്രീ അംഗങ്ങൾ വഴി നടത്തുന്ന കാന്റീൻ, ഇതിന്റെ ഉദ്ഘാടനവും കഴിഞ്ഞു
പാറക്കെട്ടിനു മുകളിൽ സഞ്ചാരികളെ ആകർഷിക്കാൻ ചെറുതടാകം