ഗുരുവായൂര്‍: പൈപ്പിടാൻ പൊളിച്ച റോഡിലെ കുഴിയടക്കാത്തതിനാൽ ഒരാഴ്ചയായി പുത്തമ്പല്ലി കമ്പനിപ്പടി റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. കുന്നംകുളം - ഗുരുവായൂർ റോഡിൽ നിന്ന് പുത്തമ്പല്ലി ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്ന സ്ഥലമാണ് പൈപ്പിടാൻ പൊളിച്ചത്. ജോലികൾ കഴിഞ്ഞെന്നും റോഡ് പൂർവസ്ഥിതിയിലാക്കേണ്ടത് പി.ഡബ്ലു.ഡി ആണെന്നുമാണ് കരാറുകാർ പ്രതിഷേധവുമായെത്തിയ നാട്ടുകാരോട് പറഞ്ഞത്. ഇരുചക്ര വാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു റോഡ്. നാട്ടുകാർ ചേർന്ന് കല്ലുകളും മറ്റും മാറ്റിയിട്ട് ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാനുള്ള വഴിയൊരുക്കി. സമീപത്തുള്ള വനിതാ കോളേജുകളിലേക്ക് അടക്കമുള്ളവർ കടന്നുപോകുന്ന റോഡാണ് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്നത്. റോഡ് അടച്ചത് അറിയാതെയെത്തുന്നവരുടെ ദുരിതം വേറെയുമുണ്ട്.