ചാലക്കുടി: ഉച്ചയൂണിന് പ്രത്യേക കറിയും, വൈകീട്ട് പലഹാരവും. ഈസ്റ്റ് ചാലക്കുടി എൽ.പി സ്‌കൂളിലെ കുട്ടികൾക്കാണ് എല്ലാ ദിവസവും വിഭവസമൃദ്ധമായ മെനു ഒരുങ്ങിയത്. കാർമ്മൽ ഹൈസ്‌കൂളിലെ പതിമൂന്നാം ബാച്ചിൽ വിദ്യാർത്ഥികളായിരുന്ന യുവാക്കളാണ് ഇതിന് പണം നൽകുന്നത്.
സമൃദ്ധി പദ്ധതി എന്ന് പേരിട്ട ലഘുഭക്ഷണ വിതരണത്തിന് ഇന്നലെ മുതലായിരുന്നു തുടക്കം. ആവശ്യമായ തുക എല്ലാമാസവും മുൻകൂറായി ഇവർ നൽകും. സ്‌കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ വി.ജെ. ജോജി അദ്ധ്യക്ഷനായി.
വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ സ്ഥിരം സമിതി അംഗം ഗീത സാബു, പ്രധാനദ്ധ്യാപിക റീന, പി.ടി.എ പ്രസിഡന്റ് മഹേഷ്, ഭാരവാഹികളായ സി.ബി. സാബു, റെജി ഇട്ടീര, കെ.പി. റോയ്, ലിജോ കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.