ഗുരുവായൂർ: നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്. സി.പി.ഐയിലെ അഭിലാഷ് വി. ചന്ദ്രനാണ് ഇടതുപക്ഷ സാഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ സി. അനിൽകുമാറും മത്സരിക്കും. വൈസ് ചെയർമാനായിരുന്ന സി.പി.എമ്മിലെ കെ.പി. വിനോദ് ഇടതുപക്ഷ ധാരണയെ തുടർന്ന് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ വർഷം നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നതിന് കോൺഗ്രസ് പുറത്താക്കിയ ടി.കെ. വിനോദ് കുമാറും മത്സരിച്ചേക്കുമെന്ന് അറിയുന്നു. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനെ തുടർന്നാണ് അന്ന് വിനോദ്കുമാർ വോട്ടു ചെയ്യാനെത്താതിരുന്നത്. കോൺഗ്രസിലെ മറ്റു രണ്ട് അംഗങ്ങളെ ഡി.സി.സി സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. ഇവർ വിനോദ് കുമാറിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന.