e-center-attack
കയ്പ്പമംഗലം പന്ത്രണ്ടിലെ കണക്ട് സേവന കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ ഫോട്ടോ സ്റ്റാറ്റ് മെഷീൻ തകർത്ത നിലയിൽ

കയ്പമംഗലം: സ്വകാര്യ ഇ- സേവന കേന്ദ്രത്തിൽ പലിശ മാഫിയ സംഘത്തിന്റെ ആക്രമണം. ഉപകരണങ്ങൾ തല്ലിത്തകർത്തു. കയ്പമംഗലം പന്ത്രണ്ടിൽ പ്രവർത്തിക്കുന്ന കണക്ട് എന്ന ഓൺ ലൈൻ സേവന കേന്ദ്രത്തിൽ ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. അടവ് തെറ്റിയതിനെ തുടർന്ന് പണം ചോദിച്ചെത്തിയ രണ്ടംഗ സംഘമാണ് സ്ഥാപനം അടിച്ചു തകർത്തതെന്ന് സ്ഥാപനമുടമ സുനോജ് പറഞ്ഞു.

കൊടുങ്ങല്ലൂർ സ്വദേശിയുടെ കൈയിൽ നിന്നും പലിശയ്ക്ക് പണം കടമെടുത്തിരുന്നെന്നും, ഇതിന്റെ അടവ് തെറ്റിയതിനെ തുടർന്ന് പലവട്ടം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഉടമ സുനോജ് പറഞ്ഞു. വനിതാ ജീവനക്കാർ മാത്രമുള്ള സമയത്ത് ഇന്നോവ കാറിലെത്തിയ രണ്ട് പേർ ചേർന്നാണ് സ്ഥാപനത്തിൽ കയറി ഫോട്ടോ സ്റ്റാറ്റ് മെഷിൻ, കളർ പ്രിന്റർ, ജലസംഭരണി എന്നിവ തകർത്തത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.