തൃശൂർ: നഗരത്തിൽ തോടു കൈയേറ്റങ്ങൾ പൊളിക്കാനും വെള്ളക്കെട്ടു നിവാരണത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിക്കാനും കോർപറേഷൻ കൗൺസിൽ തീരുമാനം. 30 റസിഡൻഷ്യൽ അസോസിയേഷനുകളുടെ സംയുക്ത ആക്ഷൻ കൗൺസിൽ സമർപ്പിച്ച നിർദേശമനുസരിച്ചാണ് നടപടി. കുണ്ടുവാറ മുതൽ ചേറ്റുവ വരെയുള്ള ഭാഗത്തെ 17 കി.മീറ്ററോളം ഭാഗത്തെ സ്ഥിതിവിവര കണക്കുകൾ ശേഖരിച്ചാണ് ആക്ഷൻ കൗൺസിൽ റിപ്പോർട്ടു തയാറാക്കിയത്.
കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ രണ്ടു വർഷത്തിനിടെ പഞ്ചിക്കൽ തോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടത്തിയ അശാസ്ത്രീയ നിർമാണമാണ് വെള്ളപ്പൊക്കത്തിനിടയാക്കിയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൈയേറ്റങ്ങൾ പൊളിക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നു മേയർ അജിത വിജയൻ ആവശ്യപ്പെട്ടു.
പഞ്ചിക്കൽ തോട്ടിൽ ബണ്ടുകൾ നിർമിച്ചതോടെ കോൾപടവിലേക്കുള്ള ജലപ്രവാഹം തടസപ്പെട്ടതായി ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. പുഴയുടെ സ്വാഭാവിക വീതിയായ 108 അടി എന്നതു 52 അടിയിലേക്കു ചുരുങ്ങിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ബണ്ടുകൾ അശാസ്ത്രീയമായി നിർമിച്ചതു ജലമൊഴുക്ക് തടഞ്ഞു. മഴക്കാലത്ത് ഇത്തരം ബണ്ടുകൾ പുഴയ്ക്കലിൽ വെള്ളക്കെട്ടിനിടയാക്കി. ഇതു പരിഹരിക്കാനുള്ള നിർദേശങ്ങൾ വിശദമായി വിദഗ്ദ്ധസമിതി വിലയിരുത്തും.
തണ്ണീർത്തടം നികത്തി ബസ് സ്റ്റാൻഡുകൾ നിർമിക്കാനുള്ള ഭരണപക്ഷത്തിന്റെ മുൻ നടപടി വിവാദമായതിനിടെ മുഖംരക്ഷിക്കൽ നടപടിയാണ് പുതിയ തീരുമാനം. കൈയേറ്റങ്ങൾ കൂടുതലുണ്ടായത് ഏതു ഭരണകാലത്താണെന്നതിനെ ചൊല്ലിയും തർക്കമുണ്ടായി. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ സെപ്തംബറിലാണ് റസിഡന്റ്‌സ് അസോസിയേഷനുകൾ നിവേദനം നൽകിയത്.
2008ൽ തണ്ണീർത്തട നിയമം നിലവിൽ വന്നശേഷവും കൈയേറ്റങ്ങൾ നടന്നെന്ന് മേയർ നൽകിയ കുറിപ്പിൽ വ്യക്തമാക്കി. യു.ഡി.എഫ്. ഭരണകാലത്ത് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ ഇറിഗേഷൻ റിട്ട. ചീഫ് എൻജിനിയർ നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നെന്ന് മുൻ മേയർ രാജൻ പല്ലൻ പറഞ്ഞു.
പുഴയ്ക്കൽ മേഖലയിൽ സമ്പൂർണ നിർമാണ നിരോധനം നടപ്പാക്കാൻ തീരുമാനിക്കണമെന്നും ആത്മാർഥതയുണ്ടെങ്കിൽ കോവിലകത്തും പാടത്തെ വാണിജ്യസമുച്ചയ നിർമാണം നിർത്തണമെന്നും എ. പ്രസാദ് ആവശ്യപ്പെട്ടു. ജോൺ ഡാനിയേൽ, അനൂപ് കരിപ്പാൽ, പി. കൃഷ്ണൻകുട്ടി, കെ. മഹേഷ്, വി. രാവുണ്ണി, വത്സല ബാബുരാജ്, ഫ്രാൻസിസ് ചാലിശേരി, എം.എൽ. റോസി, സുബിബാബു, എം.എസ്. സമ്പൂർണ എന്നിവരും പങ്കെടുത്തു.