തൃശൂർ: കോവിലകത്തുംപാടത്തെ വിവാദ വാണിജ്യസമുച്ചയ നിർമാണത്തിൽ കളക്ടർക്കും കോർപറേഷൻ സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. സെക്രട്ടറിയോട് നേരിൽ ഹാജരാകാനും ലോകായുക്ത ഉത്തരവിട്ടു. നേരത്തെ രണ്ട് പരാതികളിൽ ഹാജരാകാൻ നിർദേശിച്ചിട്ടും ഹാജരാകാതിരുന്ന സെക്രട്ടറിയുടെ നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച ലോകായുക്ത, ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഹാജരാകുന്നതിൽ വീഴ്ച വന്നതിൽ ഖേദം പ്രകടിപ്പിച്ച് നൽകിയ അപേക്ഷ തള്ളിയാണ് ലോകായുക്തയുടെ നടപടി.

തൃശൂർ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്നും കോർപറേഷന് കൈമാറി കിട്ടിയ ആസ്തിയാണ് കോവിലകത്തുംപാടത്തെ തണ്ണീർത്തടം. ഇവിടെ അഞ്ച് നിലകളിലായി വാണിജ്യ സമുച്ചയം നിർമിക്കാനാണ് പദ്ധതി. വൻ മുതൽ മുടക്കുള്ളതാണ് പദ്ധതി. കോർപറേഷൻ സ്വപ്ന പദ്ധതിയായി കണക്കാക്കുന്ന പദ്ധതി പ്രഖ്യാപനത്തിൽ തന്നെ വിവാദമായിരുന്നു. മാസങ്ങൾക്കു മുൻപേ ഇതിന്റെ ശിലാസ്ഥാപനം പ്രഖ്യാപിച്ചപ്പോൾ പരാതിയും പ്രതിഷേധവും ഉയർന്നിരുന്നുവെങ്കിലും കോർപറേഷൻ അവഗണിച്ചു. വിവാദമായതോടെ ശിലാസ്ഥാപനത്തിൽ നിന്നും മന്ത്രി വി.എസ്. സുനിൽകുമാർ വിട്ടു നിന്നിരുന്നു. യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെത്തി തറക്കല്ല് ഇളക്കി മാറ്റി. നിർമാണഘട്ടത്തിലേക്കു കടന്നിരിക്കെ ആണ് ലോകായുക്ത പരാതി പരിഗണിക്കുന്നത്. വേലൂപ്പാടം സ്വദേശിയും പൊതു പ്രവർത്തകനുമായ ടി.എൻ മുകുന്ദൻ ആണ് ഹർജി നൽകിയിരിക്കുന്നത്. പരാതിയിൽ വിചാരണ പൂർത്തിയാക്കിയ കളക്ടർ ഉത്തരവ് പുറപ്പെടുവിക്കാത്തത് ചൂണ്ടിക്കാണിച്ചാണ് കളക്ടറെ കേസിൽ കക്ഷി ചേർത്തിരിക്കുന്നത്.

2018ലും 2019ലും ഉണ്ടായ പ്രളയത്തിൽ നഗരം വെള്ളക്കെട്ടിലായ സാഹചര്യം ചൂണ്ടിക്കാട്ടി പുഴയ്ക്കൽ പാടത്തെ ആധുനിക ബസ് സ്റ്റാൻഡ് നിർമാണ പദ്ധതിക്കെതിരെ പ്രതിഷേധമുയരുമ്പോഴാണ് കോവിലകത്തുംപാടത്തെ വാണിജ്യ സമുച്ചയ നിർമാണവും വിവാദമായത്. അടുത്ത വർഷം ഫെബ്രുവരി 25ന് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാൻ ലോകായുക്ത നിർദേശം നൽകി. ഹർജിക്കാരന് വേണ്ടി അഡ്വ. പി.കെ. സുരേഷ് ബാബു ഹാജരായി.