തൃപ്രയാർ: നാട്ടിക സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമാവുന്നു. ശനിയാഴ്ച രാവിലെ 11ന് നാട്ടിക ശ്രീനാരായണ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഗീതഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുറ്റത്തെ മുല്ല വായ്പാവിതരണം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ എം.ആർ. സുഭാഷിണി നിർവഹിക്കും. മരണാനന്തര സഹായ പദ്ധതി പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്യും. കെ.വി പീതാംബരൻ വിശിഷ്ടാതിഥിയാവും. ബാങ്ക് സ്ഥാപക പ്രസിഡന്റ് സി.കെ.ജി വൈദ്യർ, മുൻ പ്രസിഡന്റുമാരായ പി.രാംകുമാർ മാസ്റ്റർ, എം.എ തോമസ് എന്നിവരെ ചടങ്ങിൽ ആദരിക്കും. മുൻ സെക്രട്ടറിമാരെയും ആദരിക്കും. അംഗങ്ങൾക്ക് മരണാനന്തര സഹായഫണ്ട് ഇൻഷ്വറൻസ് പദ്ധതിയും, ശാഖകൾക്ക് സ്വന്തം സ്ഥലവും പുതിയ കെട്ടിടവും, പലിശരഹിത വായ്പാപദ്ധതിയും, മൊബൈൽ ഫ്രീസറും നടപ്പിലാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.കെ. ധർമ്മപാലൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ടി.ആർ. വിജയരാഘവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാട്ടിക പഞ്ചായത്തിൽ ഒരു വാർഡിലെ മൂന്ന് വീതം കുടുബശ്രീകൾക്ക് 8.4 കോടി രൂപ വിതരണം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. ബാങ്ക് ഡയറക്ടർമാരായ യു.കെ. ഗോപാലൻ, കെ.ജി. ഷൺമുഖൻ, സെക്രട്ടറി ടി.ഡി. സുമി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.