എരുമപ്പെട്ടി: എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച കിടത്തിച്ചികിത്സാ കെട്ടിടം തുറന്ന് പ്രവർത്തിക്കാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. ആവശ്യമായ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. കിടത്തിച്ചികിത്സിക്കാൻ കെട്ടിടമായി, കിടക്കാൻ രോഗികളുമുണ്ട് എന്നാൽ കിടത്തിച്ചികിത്സ ആരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
സ്ഥലം എം.എൽ.എയായ മന്ത്രി എ.സി. മൊയ്തീന്റെ വികസന ഫണ്ടിൽ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സാ വാർഡിന്റെ നിർമ്മാണം നടത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടിയായിട്ടില്ല .കെട്ടിടത്തിലേക്ക് വൈദ്യുതി ലഭിക്കാത്തതിനാലാണ് പ്രവർത്തനം തുടങ്ങാത്തതെന്നും ജനുവരിയിൽ കിടത്തിച്ചികിത്സ ആരംഭിക്കുമെന്നും ആശുപത്രി അധികൃതർ പറയുന്നു.
അതേ സമയം ആവശ്യത്തിന് ഡോക്ടർമാരെയും നഴ്‌സ് ഉൾപ്പെടെയുള്ള ജീവനക്കാരെയും നിയമിക്കാത്തതാണ് കിടത്തിച്ചികിത്സ ആരംഭിക്കാത്തതിന് കാരണമെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. കോടികൾ ചെലവഴിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുന്നതല്ലാതെ ജങ്ങൾക്ക് സേവനം ലഭിക്കുന്ന സാഹചര്യം ഒരുക്കാൻ ആശുപത്രിയുടെ ചുമതല വഹിക്കുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും മന്ത്രി എ.സി. മൊയ്തീനും നടപടി സ്വീകരിക്കുന്നില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
2011ൽ അന്നത്തെ എം.എൽ.എയായിരുന്ന എ.സി. മൊയ്തീനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. എന്നാൽ ആവശ്യമായ സൗകര്യമൊരുക്കാനും ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ജീവനക്കാരുടെ തസ്തികയാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്. സ്റ്റാഫ് നഴ്‌സിന്റെ കുറവിൽ നിരവധി തവണ കിടത്തി ചികത്സ നിറുത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്.
കോൺഗ്രസ് പ്രക്ഷോഭത്തിന്
കോടികൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിച്ച് പോവുന്ന അവസ്ഥയാണുള്ളതെന്നും രാത്രികാലങ്ങളിൽ ഉൾപ്പെടെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് ശക്തമായ സമര പരിപാടികൾ ആരംഭിക്കാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.കെ. ജോസ് അദ്ധ്യക്ഷനായി. അമ്പലപ്പാട്ട് മണികണ്ഠൻ, വി. കേശവൻ, എം. എം സലീം തുടങ്ങിയവർ പങ്കെടുത്തു.