kda-marichitta-thengukal
കാട്ടാനകൾ മറിച്ചിട്ട തെങ്ങുകൾ

വെള്ളിക്കുളങ്ങ: മൂന്നു വർഷത്തോളമായി തുടരുന്ന കാട്ടാനശല്യം കൂടുതൽ ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വെള്ളിക്കുളങ്ങര സ്വദേശികളുടെ പറമ്പുകളിൽ ആനകൾ വലിയതോതിൽ നാശനഷ്ടം ഉണ്ടാക്കി. വെള്ളിക്കുളങ്ങര കൊടുങ്ങ സ്വദേശി പാറക്കൽ പൗലോസിന്റെയും ഭാര്യ ഗ്രേയ്‌സിയുടെ ഉടമസ്ഥതയിൽ പോത്തൻചിറയിലുള്ള പറമ്പിലെ കായഫലമുള്ള 11 തെങ്ങും 30 അടയ്ക്കാമരവുമാണ് കാട്ടാനക്കൂട്ടം മറച്ചിട്ട് നശിപ്പിച്ചത്.

പലസമയങ്ങളിലായി ഇതുവരെ 31 തെങ്ങ് 100 അടയ്ക്കാമരം, 6 പ്ലാവ് എന്നിവയും നശിപ്പിച്ചു. ആനശല്യം വർദ്ധിച്ചതോടെ ഇടവിള കൃഷികളായ ഇഞ്ചി, കുരുമുളക്, മഞ്ഞൾ വാഴ തുടങ്ങിയ കൃഷികൾ ഉപേക്ഷിച്ചു. സോളാർ വേലിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ബന്ധപ്പെട്ട മേലാധികാരികൾ കർഷകരെയും കൃഷിയെയും സംരക്ഷിക്കുന്നതിന് ശാശ്വത പരിഹാരം കാണമെന്നും പൗലോസ് പറഞ്ഞു.

വെള്ളിക്കുളങ്ങര കുറുഞ്ഞിപ്പാടം സ്വദേശി ആനിക്കാട്ട് പ്രിൻസിന്റെ ഉടമസ്ഥതയിലുള്ള പോത്തൻചിറയിലെ 2 ഏക്കർ പറമ്പിൽ രണ്ട് ദിവസത്തിനിടെ കായഫലമുള്ള 4 തെങ്ങ്, 20 റബ്ബർ, തേക്ക് എന്നിവ മറിച്ചിട്ട് നശിപ്പിച്ചു. വന്യമൃഗങ്ങളിൽ നിന്നും കൃഷിസ്ഥലം സംരക്ഷിക്കുന്നതിനായി കെട്ടിയ മാട്ടവും ആനകൾ തട്ടിക്കളഞ്ഞു. 20 വർഷത്തിൽ അധികമായി കൃഷി ചെയ്ത് വന്നിരുന്നെങ്കിലും ഒരുവർത്തോളമായി മാത്രമേ പറമ്പിൽ ആനശല്യം ഉണ്ടായിട്ടുള്ളു. ശല്യം ഒരു വർഷമായെങ്കിലും കുറച്ച് ദിവസങ്ങളായി വലിയ തോതിലാണ് നാശനഷ്ടം ഉണ്ടാക്കുന്നത്.

വനംവകുപ്പിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി നഷ്ടപ്പെട്ട ഫലവൃക്ഷങ്ങളുടെ കണക്കെടുപ്പ് നടത്തി. നഷ്ടപരിഹാരത്തിനായി വനം വകുപ്പിന് അപേക്ഷയും നൽകി. ചക്കകൾ ഉണ്ടായി തുടങ്ങുന്നതോടെ കാട്ടാനശല്യം വർദ്ധിക്കുമെന്ന ആശങ്കയിലാണ് കർഷർ.