football
പരിശീലനത്തിനായി എത്തിയ അണ്ടർ 17 കേരളം സ്‌കൂൾ ഫുട്‌ബോൾ ടീം

എരുമപ്പെട്ടി: അണ്ടർ 17 കേരള സ്‌കൂൾ ഫുട്‌ബാൾ ടീം പരിശീലനത്തിനായി എരുമപ്പെട്ടിയിലെത്തി. ത്രിപുരയിൽ നടക്കുന്ന ആൾ ഇന്ത്യ ഇന്റർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പരിശീലനത്തിനായാണ് കേരള ടീം എരുമപ്പെട്ടിയിൽ എത്തിയത്. 18 വിദ്യാർത്ഥികളാണ് ടീമിലുള്ളത്. 2018 ലും കേരള സ്‌കൂൾ ടീം പരിശീലനത്തിനായി എരുമപ്പെട്ടിയിൽ എത്തിയിരുന്നു.

പ്രളയകാലമായിരുന്നതിനാൽ അന്ന് പരിശീലനത്തിനാവശ്യമായ ഫണ്ട് സർക്കാരിൽ നിന്ന് ലഭിച്ചിരുന്നില്ല. പത്ത് ദിവസം നടന്ന ക്യാമ്പിൽ ടീം അംഗങ്ങൾക്കും പരിശീലകർക്കും വേണ്ട താമസസൗകര്യവും ഭക്ഷണവും നൽകിയത് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളും പി.ടി.എ കമ്മിറ്റിയും നാട്ടുകാരുമാണ്. അന്ന് ലഭിച്ച സഹായ സഹകരണങ്ങളും പ്രോത്സാഹനവുമാണ് കേരള ടീമിനെ വീണ്ടും എരുമപ്പെട്ടിയിൽ എത്തിച്ചത്.

ഇത്തവണയും ടീമംഗങ്ങൾക്ക് ഉച്ചഭക്ഷണം നൽകുന്നത് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ആണ്. ഈ മാസം 18 മുതൽ 23 വരെയാണ് ത്രിപുരയിൽ മത്സരങ്ങൾ നടക്കുന്നത്. ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ കോച്ച് ഇ.എസ്. സുഭാഷ് ആണ് പരിശീലകൻ. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അദ്ധ്യാപകൻ മുഹമ്മദ് ഹനീഫയാണ് ക്യാമ്പ് കോ- ഓർഡിനേറ്റർ.