തൃശൂർ : പൂരനഗരിക്ക് പുളകമാകാൻ ഷോപ്പിംഗ് ഫെസ്റ്റ് വരുന്നു. രാത്രിയെ പകലാക്കുന്ന ദീപവിതാനങ്ങളും നഗരത്തിലെത്തുന്നവരെ വരവേൽക്കാൻ ഉറക്കമൊഴിച്ച് കച്ചവടക്കാരും നിൽക്കുമ്പോൾ 15 മുതൽ ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് മാമാങ്കം തൃശൂരിന് പുത്തനനുഭവമാകും. കോർപറേഷന്റെയും ചേംബർ ഒഫ് കൊമേഴ്‌സിന്റെയും നഗരത്തിലെ വ്യാപാരി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലും സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയുമാണ് ഹാപ്പി ഡേയ്‌സ് സംഘടിപ്പിക്കുന്നത്. ഷോപ്പിംഗ് ഫെസ്റ്റിന്റെ ഒരുക്കം അവസാന ഘട്ടത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകീട്ട് 5.30 ന് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിക്കും. തേക്കിൻകാട് വടക്കെനടയിൽ ബാനർജി ക്ലബ്ബിന് മുൻവശത്താണ് വേദി. മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിക്കും.
മന്ത്രിമാരായ അഡ്വ. വി.എസ് സുനിൽ കുമാർ, എ.സി മൊയ്തീൻ, സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, കോർപറേഷൻ കൗൺസിലർ എം.എസ് സമ്പൂർണ്ണ, ജനറൽ കൺവീനർ ടി.എസ് പട്ടാഭിരാമൻ ടി.ആർ വിജയകുമാർ തുടങ്ങിയവർ സംസാരിക്കും. ഉദ്ഘാടന ദിവസം സിനിമാതാരം ആശ ശരത്തും പിന്നണി ഗായകരായ അൻവർ സാദത്ത്, ഫ്രാങ്കോ എന്നിവർ നയിക്കുന്ന മെഗാ ഷോയും ഉദ്ഘാടന ദിവസം ഉണ്ടാകും.
ഹാപ്പി ഡേയ്സ് ഇങ്ങനെ
വ്യാപാര സ്ഥാപനങ്ങൾ രാത്രി 11 വരെ തുറക്കും.
നീണ്ടുനിൽക്കുക 30 ദിവസം
പ്രതീക്ഷിക്കുന്നത്
1 കോടി പേരെ
5000 ൽ അധികം വ്യാപാരസ്ഥാപനങ്ങൾ
100 ൽ അധികം സെലിബ്രിറ്റികൾ
300 ൽ അധികം സ്റ്റേജ് പ്രോഗ്രാമുകൾ
സമ്മാന പെരുമഴ
ബമ്പർ നറുക്കെടുപ്പിലൂടെ 50 ലക്ഷം രൂപ വരെയുള്ള ഒട്ടനവധി സമ്മാനം
പത്തു ദിവസത്തിലും ഒരു കാർ, ആഴ്ച തോറും ഒരു സ്‌കൂട്ടർ
ദിവസേന ടി.വി, ഇൻഡക്‌ഷൻ കുക്കർ, മിക്‌സർ ഗ്രൈൻഡർ, അയേൺ ബോക്‌സ്
അണിഞ്ഞൊരുങ്ങി നഗരം
മനോഹരമായ വൈദ്യുതാലങ്കാരങ്ങളാണ് നഗര വീഥികളിലും പ്രധാന വേദികളിലും സജ്ജമാക്കുന്നത്. സ്വരാജ് റൗണ്ടിൽ വൈദ്യുതാലങ്കാരങ്ങളോടു കൂടിയ 10 പന്തലുകൾ, 11 പ്രധാന ജംഗ്ഷനുകളിൽ വലിയ ലൈറ്റ് ടവറുകൾ, പടിഞ്ഞാറെക്കോട്ട കിഴക്കെക്കോട്ട എന്നിവിടങ്ങളിൽ കാര്യപരിപാടികൾ നടത്താൻ വേദികൾ, നഗരവീഥികളിലൂടെ ചലിക്കുന്ന തത്സമയ വേദി എന്നിവ ഒരുക്കിയിട്ടുണ്ട്.
കാത്തിരിക്കുന്നത് കലാമാമാങ്കം
1000 ൽ അധികം ആളുകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരക്കളി, മഡ് റേസിംഗ്, സ്ട്രീറ്റ് പെയിന്റിംഗ്, ഫ്ളവർ ഷോ ആൻഡ് എക്‌സിബിഷൻ, ഫ്ളാഷ് മോബ്, ലൈവ് ബാൻഡ്സ്, 3.5 കി.മീ നീളമുള്ള റെക്കാഡ് ബ്രേക്കിംഗ് കേക്ക്, ചിക്കാട്ടം, ധാണ്ടിയ, ഫുട്‌ബാൾ പെനാൽറ്റി ഷൂട്ട്ഔട്ട്, 5 പേർക്ക് പങ്കെടുക്കാവുന്ന ഫുട്സാൽ മത്സരം, വിദേശരാജ്യങ്ങളിലെ കലാരൂപങ്ങളായ ബെല്ലി ഡാൻസ്, തനുറ, ഏരിയൽ അക്രോബാറ്റിക്ക്, സൂംബ, നാടകം, മൈം, വയോധികർക്കായി 'ഓൾഡ് ഈസ് ഗോൾഡ്', വിന്റേജ് കാർ ഷോ, ഹാർലി ഡേവിഡ്‌സൺ ഷോ, ഫുഡ് ഫെസ്റ്റിവൽ, 31 ന് സ്റ്റീഫൻ ദേവസ്സി നയിക്കുന്ന 2020 മെഗാ ന്യൂ ഇയർ നൈറ്റും സംഘടിപ്പിക്കും..